ബിഗ് സ്ക്രീനിലൂടെയെത്തി മിനി സ്ക്രീനിൽ തിളങ്ങിയ നടിയാണ് സ്വാസിക. നാദിർഷ സംവിധാനം ചെയ്ത ’കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എന്ന ചിത്രത്തിലൂടെയാണ് സ്വാസിക കൂടുതൽ ശ്രദ്ധേയയായത്. തുടർന്ന് സീരിയലിലും സിനിമയിലും നിരവധി വേഷങ്ങൾ താരം ചെയ്തു.
ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ പേര് പൂജ വിജയൻ എന്നായിരുന്നെന്നും സിനിമയിലേക്ക് വന്നപ്പോൾ സ്വാസിക എന്ന് മാറ്റിയതാണെന്നും പറഞ്ഞിരിക്കുന്നു.
“ചെറുപ്പം തൊട്ടേ ആഗ്രഹിച്ചിരുന്നതു അഭിനേത്രിയാകണമെന്നാണ്. ഒരുപാടു കഷ്ടപ്പെട്ടിട്ടാണു വേഷങ്ങൾ ലഭിച്ചത്. ആദ്യമതു സീരിയലുകളിൽ നിന്നായി എന്നതും വലിയ സന്തോഷം. എന്നെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങുന്നതും സീരിയലുകൾ കണ്ടിട്ടാണ്.
സ്വാസികയെ സ്വാസികയാക്കിയതും സീരിയലുകൾ തന്നെ. വിദേശത്തു പോകാനും ഡാൻസ് പ്രോഗ്രാമുകൾ ചെയ്യാനും മാത്രമല്ല, എനിക്കു വീടു വയ്ക്കാനും കാർ വാങ്ങാനും ഒക്കെ സാധിച്ചതു സീരിയലുകൾ വഴിയാണ്.
പതിനൊന്നാം ക്ലാസിൽ പഠിക്കുന്പോഴാണ് ആദ്യമായി സിനിമയിലെത്തുന്നത്. അതും തമിഴിൽ. തമിഴിൽ സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണു പൂജ വിജയൻ എന്ന പേരു മാറ്റി സ്വാസിക എന്നാക്കുന്നത്. തമിഴ് പേരുകളോടു ചേർന്നു നിൽക്കാൻ വേണ്ടിയായിരുന്നു അത്. സിനിമയിൽ ഒരു ഇടവേള വന്നപ്പോഴാണു സീരിയലുകളിലേക്കു തിരിഞ്ഞത്. ആ സമയത്തും സിനിമയിൽ കാരക്ടർ റോളുകൾ ചെയ്തിരുന്നു’. സ്വാസിക പറഞ്ഞു.