തൊടുപുഴ: കോവിഡ് -19 ഭീതിയുടെ പശ്ചാത്തലത്തിൽ മാർക്കറ്റുകളിലും വ്യാപാര കേന്ദ്രങ്ങളിലും അവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ജില്ലയിലെ ടൗണുകളിൽ വൻ തിരക്ക്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അവശ്യ സാധനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിലാണ് ജനങ്ങളുടെ തിരക്കേറിയത്. സാധനങ്ങൾക്ക് അപ്രതീക്ഷിത ക്ഷാമം നേരിടാനിടയുണ്ടെന്ന പ്രചാരണം വ്യാപകമായതോടെയാണ് ജനങ്ങൾ കൂടുതലായി സാധനങ്ങൾ വാങ്ങാൻ തിരക്കിട്ടിറങ്ങിയത്.
അരി ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളാണ് ആളുകൾ കൂടുതലായി വാങ്ങുന്നത്. അതിർത്തി ചെക്ക് പോസ്റ്റുകൾ അടയ്ക്കുന്നതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കു നീക്കം നിലയ്ക്കുമെന്ന അഭ്യൂഹവും ഇതിനിടെ ശക്തിപ്പെട്ടിരുന്നു.
തൊടുപുഴയിലെ സൂപ്പർമാർക്കറ്റുകളിലും വലിയ തിരക്കാണ് രണ്ടു ദിവസമായി അനുഭവപ്പെടുന്നത്. അടുത്ത ദിവസങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ അടച്ചേക്കുമെന്ന പ്രചാരണം കൂടിയായതോടെ പരിഭ്രാന്തിയിലാണ് ജനങ്ങൾ കൂട്ടത്തോടെ വ്യാപാര കേന്ദ്രങ്ങളിലെത്തുന്നത്.
സപ്ലൈകോ, ത്രിവേണി മാർക്കറ്റുകളിൽ തിരക്കേറിയതോടെ ഷട്ടറടച്ച് ഉപഭോക്താക്കളെ നിയന്ത്രിക്കേണ്ടി വന്നു. പച്ചരി, പഞ്ചസാര, ഉഴുന്ന് തുടങ്ങി അവശ്യസാധനങ്ങളുടെ സ്റ്റോക്ക് ചില സ്ഥാപനങ്ങളിൽ തീർന്നിട്ടുണ്ട്.
ഇന്നലെ തൊടുപുഴ മാർക്കറ്റിലെ മൊത്ത വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ ചരക്കു ലോറികളുടെ നീണ്ട നിരയും കാണപ്പെട്ടു. ഇതിനു പുറമെ ഇന്ന് ജനത കർഫ്യൂവിന്റെ ഭാഗമായി പന്പുകൾ അടച്ചിടുന്നതിനാൽ ഇന്ധനം നിറയ്ക്കാനായി പന്പുകൾക്കു മുന്നിലും വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടു.
എന്നാൽ അതിർത്തി ചെക്ക് പോസ്റ്റുകൾ വഴിയുള്ള ചരക്കു നീക്കം തടസപ്പെടില്ലെന്നും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നാണ് അധികൃതർ പറയുന്നത്.
ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാണെങ്കിലും ചരക്കു ലോറികൾ തടസം കൂടാതെ കടത്തി വിടുന്നതിനുള്ള നടപടികളാണ് അതിർത്തി, ജില്ലാ ഭരണകൂടങ്ങൾ സ്വീകരിച്ചിരിക്കുന്നത്.
ഭക്ഷ്യ സാധനങ്ങൾക്ക് ക്ഷാമം നേരിടുമെന്ന ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ഇടുക്കി അസി. ഫുഡ് സേഫ്റ്റി കമ്മീഷണർ ബെന്നി ജോസഫ് പറഞ്ഞു.
ചരക്കു നീക്കം നിലയ്ക്കുമെന്ന ഭീതിയിലാണ് ജനങ്ങൾ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത്. നിലവിൽ അരി, പച്ചക്കറികൾ, പാൽ തുടങ്ങി അവശ്യവസ്തുക്കളുമായി വരുന്ന ലോറികൾക്ക് കടന്നു പോരുന്നതിനു യാതൊരു തടസവുമില്ലെന്നും ഇക്കാര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.