കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ തങ്ങിയ ലക്നൗവിലെ ഹോട്ടലില്‍ തന്നെയാണ് ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങളും തങ്ങിയതെന്ന് കണ്ടെത്തല്‍.
ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ കനിക തങ്ങിയത് ലക്നൗവില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തങ്ങിയ ഹോട്ടലിലാണെന്ന് ഉത്തര്‍പ്രദേശ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.
മാര്‍ച്ച് 11 മുതല്‍ നഗരത്തിലുണ്ടായിരുന്ന കനിക കപൂറിന്റെ റൂട്ട് മാപ്പ് കണ്ടെത്താന്‍ പ്രാദേശിക ഭരണകൂടത്തിലെയും യുപി ആരോഗ്യ വകുപ്പിലെയും ആയിരത്തോളം അംഗങ്ങള്‍ ഉള്‍പ്പെടുന്ന 100 ടീമുകളാണ് ശ്രമം നടത്തുന്നത്. ഇതിനിടെയാണ്, ലക്നൗവിലെ ‘ദക്ഷിണാഫ്രിക്കന്‍ ബന്ധ’വും പുറത്തുവന്നത്.
കനികയുമായി സമ്പര്‍ക്കത്തില്‍ വരാനിടയുള്ള 22,000 പേരെയാണ് ശനിയാഴ്ച മാത്രം അധികൃതര്‍ പരിശോധിച്ചതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു.
വേറൊരു സംഘം ലക്നൗവില്‍ കനിക താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ വിഡിയോ ഫുട്ടേജുകളും സിസിടിവിയും പരിശോധിച്ചു.
ഹോട്ടലിലെ ഭക്ഷണശാലയില്‍ വച്ച് കനിക നിരവധി ആളുകളുമായി ഇടപഴകിയതായും വ്യക്തമായിട്ടുണ്ട്.
ഇതേസമയത്ത്, ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിനായി ലക്നൗവിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമും അവിടെ തങ്ങിയിരുന്നു. ഇതാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ വെട്ടിലാക്കുന്നത്.
ഹോട്ടലില്‍ നടന്ന ഒരു വാര്‍ത്താ ചാനലിന്റെ വാര്‍ഷിക കോണ്‍ക്ലേവിലും കനിക പങ്കെടുത്തിട്ടുണ്ട്.
അതുകൊണ്ടുതന്നെ അവരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള ആളുകളെ കണ്ടെത്താന്‍ സിസിടിവി ഫുട്ടേജുകള്‍ വ്യാപകമായി പരിശോധിച്ച് വരികയാണ്’ നിരീക്ഷണ ചുമതലയുള്ള സംഘത്തിലെ ഒരു അംഗം വെളിപ്പെടുത്തി.
കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഏകദിന പരമ്പര റദ്ദാക്കിയതോടെ ദക്ഷിണാഫ്രിക്കന്‍ ടീം നാട്ടിലേക്കു തിരിച്ചുപോയിരുന്നു.
ചട്ടമനുസരിച്ച് നാട്ടിലെത്തിയ ഉടന്‍ ടീമംഗങ്ങളെല്ലാം ക്വാറന്റീനില്‍ പ്രവേശിച്ചു. 14 ദിവസത്തോളം ഇവര്‍ ക്വാറന്റീനില്‍ തുടരും. ഇതിനിടെയാണ് താരങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ കോവിഡ് ബാധിതയും ഉണ്ടായിരുന്നതായി തെളിഞ്ഞത്.