ഗാന്ധിനഗർ: ജനതാ കർഫ്യൂ ദിനത്തിൽ വിവിധ സ്ഥലങ്ങളിൽ ഭക്ഷണം വിതരണം ചെയ്തു നവജീവൻ ട്രസ്റ്റ്. മെഡിക്കൽ കോളജ്, കുട്ടികളുടെ ആശുപത്രി എന്നിവടങ്ങളിൽ നടത്തിയ ഭക്ഷണ വിതരണം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി.
ഇന്നലെ തട്ടുകട പോലും പ്രവർത്തിക്കാതിരുന്നതിനാൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരും കൂട്ടിരിപ്പുകാരും ജീവനക്കാരും ഭക്ഷണത്തിനായി ബുദ്ധിമുട്ടി. ജീവനക്കാർക്ക് ഉച്ചഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ നവജീവൻ ട്രസ്റ്റി പി.യു. തോമസിനെ അറിയിച്ചു
. നവജീവന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി, ജില്ലാ ആയൂർവേദ ആശുപത്രി, മെഡിക്കൽ കോളജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി എന്നിവിടങ്ങളിൽ ദിവസേന വൈകുന്നേരം ഭക്ഷണവിതരണം നടത്താറുണ്ട്.
ഉച്ചഭക്ഷണം നൽകുന്നത് കുട്ടികളുടെ ആശുപത്രിയിൽ മാത്രമായിരുന്നു. ഇന്നലെ ആശുപത്രി സൂപ്രണ്ടിന്റെ നിർദേശപ്രകാരം ഉച്ചയ്ക്കു ജീവനക്കാർക്കും ഭക്ഷണം നൽകി.