പാലക്കാട്: ജില്ലയിലെ കള്ള് ഷാപ്പുകളുടെ ലേലം സംബന്ധിച്ച നടപടികൾക്കിടെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. കളക്ടർ ഡി. ബാലമുരളിയുടെ നേതൃത്വത്തിൽ യാക്കര കല്യാണ മണ്ഡപത്തിലാണ് രാവിലെ നടപടികൾ ആരംഭിച്ചത്.
കോവിഡ് ഭീതിക്കിടെ ആൾക്കൂട്ടങ്ങൾ ഓഴിവാക്കണമെന്ന സർക്കാർ നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് യൂത്ത് കോണ്ഗ്രസ് പ്രതിഷേധവുമായി എത്തിയത്.
നാല്പതോളം പേരാണ് ലേലത്തിൽ പങ്കെടുക്കാനായി എത്തിയത്. ലേലമല്ല നടക്കുന്നതെന്നും മറിച്ച് നിലവിലുള്ള വിവിധ ഷാപ്പുകളുടെ ലൈസൻസ് പുതുക്കുന്ന നടപടിയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ആവശ്യമുള്ളവരെ മാത്രമേ ലേലത്തിൽ പങ്കെടുപ്പിച്ചിരുന്നുള്ളു.പോലീസിന്റെ കർശന നിയന്ത്രണത്തിലാണ് ലേല നടപടികൾ ആരംഭിച്ചത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.