തൃശൂർ: സംസ്ഥാനത്ത് കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഏറ്റവും കൂടുതൽ പേരുള്ളത് തൃശൂരിൽ. ഇന്നലെ 8,792 പേരാണ് തൃശൂരിൽ കോവിഡ് നിരീക്ഷണത്തിലുള്ളത്. ശനിയാഴ്ച ഇത് 6,815 പേരായിരുന്നു. ഒറ്റ ദിവസം കൊണ്ട് 1,977 പേരാണ് നിരീക്ഷണത്തിലായത്.
ആരോഗ്യവകുപ്പ് കർശന നടപടികളുമായി മുന്നോട്ടുപോകുന്നതിനാലാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വർധിച്ചിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. കൂടുതൽ പേർ നിരീക്ഷണത്തിൽ വരുന്പോൾ രോഗം പടരാനുള്ള സാധ്യത കുറയുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ജില്ലയിൽ ഇന്നലെ വീടുകളിൽ 8,752 പേരും ആശുപത്രികളിൽ 40 പേരുമാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുപേരെ വിടുതൽ ചെയ്തു. 32 സാന്പിളുകൾ കൂടി ഇന്നലെ പരിശോധനയ്ക്ക് അയച്ചു.
ലഭിച്ച 40 സാന്പിളുകളുടെ ഫലം നെഗറ്റീവാണ്. പരിശോധനയ്ക്ക് അയച്ച 419 സാന്പിളുകളിൽ 394 എണ്ണത്തിന്റെയും ഫലം ലഭിച്ചു. 25 പേരുടെ പരിശോധന ഫലമാണ് ലഭിക്കാനുളളത്.
തൃശൂരിലാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചതെങ്കിലും ആ രോഗി സുഖപ്പെടുകയും രണ്ടാമത് രോഗബാധിതനായ ആൾ ചികിത്സയിൽ കഴിഞ്ഞ് സുഖപ്പെട്ടുവരികയുമാണ്.
കൂടുതൽപേരിലേക്ക് രോഗം പകരാതിരിക്കാനുള്ള കർശനവും ശക്തവുമായ നടപടികൾ ജില്ല ആരോഗ്യവകുപ്പ് കൈക്കൊള്ളുന്നതുകൊണ്ടാണ് ജില്ല ഏറെക്കുറെ സുരക്ഷിതമായിരിക്കുന്നതെന്നും അധികൃതർ പറയുന്നു.
സമൂഹവ്യാപന സാധ്യത കൂടുതലായുള്ള ഈ ദിവസങ്ങളിൽ കൂടുതൽ പേർ നിരീക്ഷണത്തിലാകുമെന്നാണ് സൂചന. ഒരു വിധത്തിലും രോഗബാധ പടരാതിരിക്കാനുള്ള എല്ലാ കരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
നിരീക്ഷണത്തിൽ കഴിയുന്നവരെല്ലാം രോഗബാധിതരാണെന്ന് കരുതേണ്ടെന്നും അവരെ സമൂഹത്തിൽനിന്നു ഒറ്റപ്പെടുത്തരുതെന്നും ആരോഗ്യവകുപ്പ് അഭ്യർഥിക്കുന്നുണ്ട്.