ഇരിട്ടി(കണ്ണൂർ): ദുബായിയിൽ നിന്നും ബംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങി കിളിയന്തറ ആർടി ചെക്ക്പോസ്റ്റ് വഴി കടന്നുപോയ പന്ത്രണ്ടംഗ സംഘത്തിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇവരുടെ കൂടെ ബസിൽ സഞ്ചരിച്ചവരെ കണ്ടെത്താനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമം തുടരുന്നു. സംഭവത്തെക്കുറിച്ച് എസ്പി റിപ്പോർട്ട് തേടിയിട്ടുമുണ്ട് .
ഇവർ കടന്നുപോയ ആർടി ചെക്ക് പോസ്റ്റിൽ വാർത്താ ശേഖരണത്തിനെത്തിയ നാല് മാധ്യമ പ്രവർത്തകർ, സ്ഥലത്തെത്തിയ രണ്ട് എസ്ഐമാരുൾപ്പെടെ പത്തോളം പോലീസ് ഉദ്യോഗസ്ഥർ, ആർടി ചെക്ക് പോസ്റ്റ് – ആരോഗ്യവകുപ്പ് – റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരടക്കം മുപ്പതോളം പേരാണ് ആദ്യഘട്ടത്തിൽ നിരീക്ഷണത്തിൽ പോയിരിക്കുന്നത്.
ശനിയാഴ്ച രാവിലെ 10 ഓടെ ബംഗളൂരുവിൽ നിന്നും വീരാജ്പേട്ട വഴി ടെമ്പോ ട്രാവലർ ടാക്സിയിൽ കൂട്ടുപുഴ ആർടി ചെക്ക് പോസ്റ്റിൽ എത്തിയ സംഘത്തിൽ ഒരാൾക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ എത്തിയ ടാക്സി വാൻ നാലായിരം രൂപ ടാക്സ് അടക്കണമെന്ന് പറഞ്ഞ് ചെക്ക് പോസ്റ്റ് അധികൃതർ തടയുകയായിരുന്നു.
തങ്ങളുടെ കൈയിൽ കാശില്ലെന്ന് പറഞ്ഞ് ഇവർ തർക്കത്തിൽ ഏർപ്പെടുകയും ഇതിനിടയിൽ സംഘത്തെ ഇവിടെ ഇറക്കി ഡ്രൈവർ വാഹനവുമായി തിരിച്ചു പോവുകയും ചെയ്തു. കിളിയന്തറ എക്സൈസ് ചെക്ക്പോസ്റ്റിൽ ആരോഗ്യവകുപ്പ് അധികൃതർ ഉണ്ടെന്നും അവരെ കണ്ടതിനു ശേഷം മാത്രം പോയാൽ മതിയെന്ന് പറയുന്നതിനിടെ ഇതുവഴി വന്ന സ്വകാര്യ ബസിൽ ഓടിക്കയറി.
ബസിലുണ്ടായിരുന്ന യാത്രക്കാർ നിരവധി ലഗേജുകളുമായി ബസിൽ ഓടിക്കയറുന്ന ഇവരെക്കണ്ട് ബഹളം വെക്കുകയും ബസുകാർ ഇവരെ രണ്ട് കിലോമീറ്റർ ഇപ്പുറമുള്ള കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റിൽ ഇറക്കിവിടുകയും ചെയ്തു. ഈ സമയത്ത് ഇവിടെ എത്തിയ മാധ്യമ പ്രവർത്തകർ ഇവരുടേതടക്കം ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു.
എന്നാൽ മാധ്യമ പ്രവർത്തകരെ ഇവർ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ദൃശ്യങ്ങൾ നശിപ്പിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസും ഇവിടെ ഉണ്ടായിരുന്ന റവന്യൂ, ആരോഗ്യ പ്രവർത്തകരും കൂടി 108 ആംബുലൻസ് വരുത്തിയെങ്കിലും ആംബുലൻസ് എത്തുന്നതിന് മുന്നേ ഇതിൽ നാലുപേർ നാട്ടിൽ നിന്നും ടാക്സി വരുത്തി അതിൽ കയറിപ്പോയി.
പോരാതെ നാലുപേർ ആശുപത്രിൽ എത്താതെ ആംബുലൻസ് ഡ്രൈവറുമായി തർക്കത്തിലേർപ്പെടുകയും ഉരുവച്ചാലിൽ ഇറങ്ങി തലശേരി ബസിൽ കയറി പോവുകയും ചെയ്തു. ഇവർ സഞ്ചരിച്ച ബസുകളിലെ യാത്രക്കാർ ആരെല്ലാമെന്നും ആരോഗ്യവകുപ്പ് അന്വേഷിച്ചു വരികയാണ്.