തിരുവല്ല: യാത്രക്കാർ കുറഞ്ഞതോടെ കെഎസ്ആര്‍ടിസി തിരുവല്ല ഡിപ്പോയുടെ പ്രവര്‍ത്തനം താറുമാറായി. നിത്യ വരുമാനത്തില്‍ വന്ന വന്‍ ഇടിവാണ് ഡിപ്പോയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചത്. പുലര്‍ച്ചയോടെ തിരുവല്ല ഡിപ്പോ യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരുന്നതാണ്.
അര്‍ധരാത്രിയില്‍ പോലും ഡിപ്പോയില്‍ ദീര്‍ഘദൂര യാത്രക്കാര്‍ ഉണ്ടായിരിക്കും. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഡിപ്പോയില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണം കുറഞ്ഞുതുടങ്ങി. യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം തിരുവല്ല ഡിപ്പോയില്‍ നിന്നുള്ള 42 ഷെഡ്യൂളുകളാണ് വെട്ടിക്കുറച്ചത്.
68 ഷെഡ്യൂളുകളാണ് ഡിപ്പോയില്‍ നിന്നു ഓപ്പറേറ്റ് ചെയ്യുന്നത്. കൊറോണ ഭീതി പടരുന്നതിന് മുമ്പ് വരെ ഡിപ്പോയുടെ പ്രതിദിന വരുമാനം എട്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം ഇത് 3.62 ലക്ഷമായി കുറഞ്ഞു. വരുമാനം കുറഞ്ഞതോടെ ഡിപ്പോയുടെ ദൈനംദിന കാര്യങ്ങള്‍ തന്നെ ബുദ്ധിമുട്ടിലായി.
കോവിഡ് 19 സുരക്ഷാഭീഷണിയും ഡിപ്പോ നേരിടുന്നുണ്ട്. ബസുകള്‍ യാത്രക്കാരെ കയറ്റുന്നതിന് മുമ്പ് പൂര്‍ണമായും അണുവിമുക്തമാക്കണമെന്ന് ചീഫ് ഓഫീസിൽ നിന്നു നിര്‍ദേശം വന്നിരുന്നു. എന്നാല്‍ ബസുകള്‍ വൃത്തിയാക്കാനുള്ള അണുനാശിനികള്‍ ബന്ധപ്പെട്ട ഓഫീസില്‍ നിന്ന് നല്‍കിയിട്ടില്ലെന്നു ജീവനക്കാര്‍ പറയുന്നു.
ബസിനുള്ളില്‍ യാതക്കാരുമായി ഏറ്റവും കൂടുതല്‍ അടുത്ത് ഇടപഴകുന്നത് കണ്ടക്ടര്‍മാരാണ്. ഇവര്‍ക്ക് മുഖം മറയ്ക്കാന്‍ ആവശ്യമായ മാസ്കോ കൈകള്‍ അണുവിമുക്തമാക്കാനുള്ള സാനിറ്റൈസറോ എത്തിച്ചിട്ടില്ല.ഷെഡ്യൂളുകളുടെ മടക്കം കാരണം കഴിഞ്ഞ ദിവസം 42 പേര്‍ക്ക് തൊഴില്‍ ഇല്ലായിരുന്നു.
തൊഴില്‍ നഷ്ടപ്പെട്ട ദിവസത്തെ ശമ്പളം ലഭിക്കുന്ന കാര്യത്തിലും ജീവനക്കാര്‍ക്ക് ഉറപ്പില്ല. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഡിപ്പോയില്‍ എത്തി ഹാജര്‍ രേഖപ്പെടുത്തിയാലും സര്‍വീസ് നടത്തിയില്ലെങ്കില്‍ ഡ്യൂട്ടി കണക്കാക്കില്ല.
ജീവനക്കാരുടെ കുഴപ്പം കൊണ്ടല്ലാതെ ഡ്യൂട്ടി നഷ്ടപ്പെട്ടാല്‍ ഇത് ലീവായി പരിഗണിക്കണമെങ്കില്‍ ചീഫ് ഓഫീസിൽ നിന്ന് ഉത്തരവ് വരണം. ജോലിക്കായി ഡിപ്പോയില്‍ എത്തുന്ന കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും സ്റ്റാന്‍ഡ് ബൈ അറ്റന്‍ഡന്‍സ് നല്‍കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.