ഗാന്ധിനഗർ: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ പൊതു വാഹനഗതാഗതം തടസപ്പെട്ടതിനാൽ മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർക്ക് എത്തിച്ചേരുവാൻ കഴിയുന്നില്ല.
ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞവരെ മെഡിക്കൽ കോളജ്, ദന്തൽ കോളജ്, നഴ്സിംഗ് കോളജ്, എന്നിവടങ്ങളിലെ വാഹനങ്ങളിൽ വീടുകളിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഡ്യൂട്ടിക്ക് എത്തിച്ചേരേണ്ടവർക്ക് പൂർണമായി എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല.
ഇപ്പോഴത്തെ രോഗവ്യാപനം കണക്കിലെടുത്ത് തുടർച്ചായി 12 മണിക്കൂർ ജോലി ചെയ്യണമെന്നു ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമുള്ളതിനാൽ, എല്ലാ വിഭാഗം ജീവനക്കാരും ഡ്യൂട്ടിക്ക് തയ്യാറാണെങ്കിലും വാഹന ഗതാഗതം ഇല്ലാത്തതിനാൽ പകരം സംവിധാനം ആശുപത്രി അധികൃതർ ഒരുക്കണമെന്നാണ് സർവീസ് സംഘടനകളുടെ ആവശ്യം.
ഒഴിഞ്ഞുകിടക്കുന്ന ഹോസ്റ്റലുകൾ, ക്വാട്ടേഴ്സുകൾ എന്നിവ താൽക്കാലികമായി ജീവനക്കാർക്ക് വിട്ടുകൊടുക്കാൻ സംവിധാനം ഒരുക്കാൻ അധികൃതർ തയ്യാറാകണമെന്ന് കേരള എൻജിഒ യൂണിയൻ, എൻജിഒ അസോസിയേഷൻ എന്നി സംഘടനകൾ ആവശ്യപ്പെട്ടു.
അതോടൊപ്പം മാസ്കിന്റെ പോരായ്മകളും പരിഹരിക്കണം. ജീവനക്കാർക്ക് വന്നു പോകുന്നതിനുള്ള ബുദ്ധിമുട്ട് മനസിലാക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവരുമായി ഇന്ന് കൂടിയാലോചിച്ച ശേഷം പകരം സംവിധാനം ഒരുക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു.
സമീപത്തെഭക്ഷണശാലകൾ അടച്ചിട്ടിരിക്കുന്നതിനാൽ, ഇന്ത്യൻ കോഫി ഹൗസ്, മെഡിക്കൽ കോളജ് കാന്റീൻ എന്നിവ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും, അവിടെ പോകുവാൻ പറ്റാത്ത ജീവനക്കാർക്കും, രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും നവജീവൻ ട്രസ്റ്റ് ഭക്ഷണം നൽകുമെന്നും അദ്ദേഹം അറിയിച്ചു.