ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധ രൂക്ഷമായി പടരുന്നതിനിടെ മണിപ്പൂർ യുവതിക്കു നേരെ ഡൽഹിയിൽ വംശീയാധിക്ഷേപം.
യുവതിയെ “കൊറോണ’ എന്നു വിളിക്കുകയും ഇവരുടെ ശരീരത്തേക്കു തുപ്പുകയും ചെയ്തു. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഡൽഹിയിലെ വിജയ് നഗറിലാണു സംഭവം. സ്കൂട്ടറിലെത്തിയ ആളാണ് യാതൊരു പ്രകോപനവും കൂടാതെ യുവതിയോടു അപമര്യാദയായി പെരുമാറിയത്.
സംഭവത്തിൽ ഐപിസി 509-ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവം ഞെട്ടിക്കുന്നതാണെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പ്രതികരിച്ചു. കുറ്റക്കാരനെ എത്രയും വേഗം കണ്ടെത്തി കർശന നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.