തിരുവനന്തപുരം: സിപിഎം നേതാവും മുൻ എംപിയുമായ ടി.എൻ. സീമയുടെ ഭർത്താവ് ജി. ജയരാജിനെ സി ഡിറ്റ് ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കി സർക്കാർ ഉത്തവിറക്കി. എസ്. ചിത്ര ഐഎഎസിനാണു ഡയറക്ടറുടെ ചുമതല നൽകിയിരിക്കുന്നത്.
ജയരാജിന്റെ നിയമനത്തിനെതിരായ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇദ്ദേഹത്തെ സി ഡിറ്റിൽ ഡയറക്ടറായി നിയമിച്ചതിനെതിരായ ഹർജിയിൽ വിശദീകരണം നൽകാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സി ഡിറ്റിലെ ഇ ഗവേണൻസ് ഇംപ്ലിമെന്േറഷൻ ഡിവിഷനിലെ ഡെപ്യൂട്ടി ഡയറക്ടർ എം.ആർ. മോഹനചന്ദ്രൻ നൽകിയ ഹർജിയാണു ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
മതിയായ യോഗ്യതയില്ലാതെയാണു ജയരാജിനെ നിയമിച്ചതെന്നും നടപടിക്രമം പാലിച്ചല്ല നിയമനമെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.
2016-ൽ സി ഡിറ്റിൽ രജിസ്ട്രാറായിരുന്ന ജയരാജ് ഇക്കാലയളവിൽ നിർവാഹകസമിതിയെ സ്വാധീനിച്ചു ഡയറക്ടർ നിയമനത്തിനുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തിയെന്നും വിരമിച്ചശേഷം ഇതിന്റെയടിസ്ഥാനത്തിൽ ഡയറക്ടർ സ്ഥാനം നേടിയെടുത്തെന്നുമാണു ഹർജിയിലെ വാദം.