ന്യൂഡൽഹി: ഡൽഹിയിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ (മൊഹല്ല ക്ലിനിക്ക്) ഡോക്ടർക്കും കൊറോണ വൈറസ് (കോവിഡ്-19) സ്ഥിരീകരിച്ചു. ഇതോടെ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയ രോഗികളെല്ലാം നിരീക്ഷണത്തിലായി. വടക്കുകിഴക്കൻ ഡൽഹിയിലെ മൗജ്പുരിലെ മൊഹല്ല ക്ലിനിക്കിലെ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മാർച്ച് 12 നും 18 നും ഇടയിൽ ക്ലിനിക്കിലെത്തിയവരെല്ലാം ക്വാറന്റൈനിൽ പ്രവേശിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡോക്ടർ വിദേശയാത്ര കഴിഞ്ഞെത്തിയ ആളാണോ ഇത്തരം ആളുകളുമായി സമ്പർക്കം ഉണ്ടായിരുന്നോ എന്നതു സംബന്ധിച്ച് ഇതുവരെ അറിവായിട്ടില്ല.
ഡൽഹി സർക്കാർ രൂപീകരിച്ച കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളാണ് മൊഹല്ല ക്ലിനിക്കുകൾ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളാണ് മിക്കവാറും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. ഈ വിഭാഗത്തിനിടയിൽ രോഗം വ്യാപിച്ചാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ ആശങ്ക. നേരത്തെ ഡൽഹി കലാപത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായ പ്രദേശം കൂടിയാണ് മൗജ്പുർ.