![](https://www.rashtradeepika.com/library/uploads/2020/03/ranbeernjkerl.jpg)
സിനിമാത്തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാകാറുള്ള താരമാണ് രണ്‍വീർ സിങ്. രണ്‍വീർ പങ്കുവച്ച പുതിയൊരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നു. കോവിഡ് 19 ലോകമെന്പാടും പടരുന്ന സാചര്യത്തിൽ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ് രണ്‍വീർ.
ഐസോലേഷനിൽ നിന്നു പുറത്തേക്ക് വരുന്ന ഞാൻ എന്ന് കുറിച്ചുകൊണ്ടായിരുന്നു രണ്‍വീർ പുതിയ ചിത്രം പങ്കുവെച്ചത്. പത്മാവദ് എന്ന നടന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിലെ അലാവുദ്ദീൻ ഖിൽജിയെന്ന കഥാപാത്രത്തെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു രണ്‍വീറിന്റ മേക്കോവർ.
ഫോട്ടോ കണ്ട് അലാവുദ്ദീൻ ഖിൽജിയുടെ സെക്കൻഡ് പാർട്ടാണോ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ചിത്രത്തിന് താഴെ ശരിക്കും പേടിച്ചുപോയല്ലേ എന്ന തരത്തിലും കമന്റുകളുണ്ട്. ഹോളിവുഡ് സിനിമകളിലെ സോംബി രൂപത്തിലൂളള ഒരു ചിത്രവുമായിട്ടാണ് രണ്‍വീർ ഇത്തവണ എത്തിയിരിക്കുന്നത്.
കൊറോണ സമയത്ത് രണ്‍വീറിന്റെ ഭാര്യ ദീപികാ പദുകോണും സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്. കഴിഞ്ഞ ദിവസം ജനതാ കർഫ്യൂ ദിനത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ദീപിക അഭിനന്ദനം അറിയിക്കുന്ന ചിത്രം രണ്‍വീർ പങ്കുവച്ചിരുന്നു. ഒപ്പം ഇന്നലെ ദീപികയ്ക്കൊപ്പമുളള ഒരു ഫോട്ടോയും രണ്‍വീർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. വീട്ടിൽ ഒരുമിച്ച് വർക്കൗട്ട് ചെയ്യുന്നതിനിടെ എടുത്ത ചിത്രമാണ് നടൻ പങ്കുവെച്ചത്.
മൈ മണ്‍ഡേ മോട്ടിവേഷൻ, ഹോം ജിം ബഡീസ് എന്നീ ഹാഷ്ടാഗുകളും ദീപികയെ ടാഗ് ചെയ്തുകൊണ്ട് രണ്‍വീർ സിംഗ് പോസ്റ്റ് ചെയ്തിരുന്നു. ദീപികയ്ക്കും രണ്‍വീറിനും പുറമെ ബോളിവുഡ് താരങ്ങളെല്ലാം തന്നെ കഴിഞ്ഞ ദിവസം ആരോഗ്യ പ്രവർത്തകർക്ക് അഭിന്ദനം അറിയിച്ച് എത്തിയിരുന്നു. കൂടാതെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിന് പിന്തുണ അറിയിച്ചും താരങ്ങൾ രംഗത്തെത്തി.
സിനിമ പ്രമോഷന് പുറമേ തങ്ങളുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങളും പരസ്പരമുളള ട്രോളുകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുളള താരങ്ങളാണ് രണ്‍വീർ സിങും ദീപികാ പദുകോണും. കൊറോണ വ്യാപനത്തെ തുടർന്ന് നേരത്തെ രണ്‍വീറിന്റെ എറ്റവും പുതിയ ചിത്രമായ 83യുടെ റിലീസ് നീട്ടിവെച്ചിരുന്നു.