പത്തനംതിട്ട: ദുബായിയില്‍ നിന്നെത്തി നാട്ടില്‍ കറങ്ങിനടന്ന അടൂര്‍ സ്വദേശിയായ 45 കാരന്റെ കോവിഡ് 19 സ്ഥിരീകരണം ആരോഗ്യവകുപ്പിനെയും ഞെട്ടിച്ചു. ദുബായിയില്‍ നിന്ന് ബംഗളൂരു വഴി കഴിഞ്ഞ 22നാണ് ഇദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
ഭാര്യാ പിതാവിനൊപ്പം വിമാനത്താവളത്തില്‍ നിന്ന് കാറില്‍ അടൂര്‍ കണ്ണങ്കോട്ടെ വീട്ടിലെത്തിയ ഇയാളോടു നിരീക്ഷണത്തിലാകണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം വീടിനു പുറത്തിറങ്ങിയതറിഞ്ഞ് സമീപവാസികള്‍ ആരോഗ്യവകുപ്പില്‍ പരാതിപ്പെട്ടു.
തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വീട്ടിലെത്തി നിര്‍ബന്ധപൂര്‍വം ക്വാറന്റൈനിൽ ആക്കുകയായിരുന്നു. രോഗലക്ഷണങ്ങളില്ലാതിരുന്നിട്ടും 23ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഇതിന്റെ ഫലം പോസിറ്റീവ് എന്നറിഞ്ഞതോടെ അധികൃതരും ഞെട്ടി.
ഇന്നലെയാണ് ഫലം വന്നത്. ഇതോടെ ഇയാളുടെ സഞ്ചാരപഥം കണ്ടെത്താനും സമ്പര്‍ക്കം പുലര്‍ത്തിയവരെ തിരിച്ചറിയാനുമുള്ള ശ്രമം തുടങ്ങി. ഇന്ന് ഇതു പൂര്‍ത്തിയാകും. ഇയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ബന്ധുക്കളെ ഇന്നലെ രാത്രിതന്നെ നിര്‍ബന്ധപൂര്‍വം വീട്ടില്‍ നിരീക്ഷണത്തിലാക്കി.
അടൂര്‍ സ്വദേശിയുടെ പരിശോധനാഫലം ഗൗരവമുള്ളതാണെന്നും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും ഫലം പോസിറ്റീവാകാനുള്ള സാധ്യതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നതെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.