കൊണ്ടോട്ടി: സാധനങ്ങൾക്ക് അമിത വില ഈടാക്കി വിൽപ്പന നടത്തുന്നത് തടയാൻ പരിശോധനയ്ക്കിറങ്ങിയ നഗരസഭാ ഉദ്യോഗസ്ഥർക്ക് പോലീസ് മർദനമേറ്റതായി പരാതി. നഗരസഭാ അധ്യക്ഷയുടെ നേതൃത്വത്തിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ കാര്യം പോലും അന്വേഷിക്കാതെ ജീപ്പിൽനിന്ന് ചാടിയിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മർദിച്ചതെന്നാണ് പരാതി.
കൊണ്ടോട്ടി മുണ്ടപ്പലം പെട്രോൾ പമ്പിന് സമീപത്തെ കടയിൽ മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കവെയാണ് സംഭവമുണ്ടായത്. പച്ചക്കറിക്കടയിൽ സാധനങ്ങൾ ഉയർന്ന നിരക്കിൽ വിൽക്കുന്നു എന്ന പരാതി അന്വേഷിക്കാനാണ് നഗരസഭ ചെയർപേഴ്സനും ഉദ്യോഗസ്ഥരും എത്തിയത്. ഇതിനിടെ ഇവിടേക്ക് ഓടിയെത്തിയ പോലീസ് ഉദ്യോഗസ്ഥൻ ലാത്തി വീശുകയായിരുന്നു.
ലാത്തിയടി ഏൽക്കാതെ നഗരസഭാ അധ്യക്ഷ കെ.സി.ഷീബ കടയുടെ ഉള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ആരാണെന്നു നോക്കാതെയാണ് പോലീസ് ഇടപെടുന്നതെന്നു നഗരസഭാ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, സംഭവം ആളറിയാതെ പറ്റിയതാണെന്നും ഖേദം രേഖപ്പെടുത്തുന്നുവെന്നും പോലീസ് അറിയിച്ചു.