മരണത്തിനും ജീവനുമിടയിലെ നൂൽപ്പാലം കടന്ന് ജീവിതത്തിലേക്ക് മത്തേയോ പുഞ്ചിരിയോടെ മടങ്ങിവന്നു. ഇറ്റലിയിലെ ലൊംബാർഡി പ്രോവിൻസിലെ മാലികോയിൽ ഫെബ്രുവരിയിലെ അവസാന ദിവസം കൊറോണ ബാധിതനായ മത്തേയോ ഒരു മാസം വെന്റിലേറ്ററിലൂടെ ശ്വസിച്ചശേഷം സുഖപ്പെട്ടു പുറത്തിറങ്ങിയ നിമിഷം പറഞ്ഞതിങ്ങനെ:
“എന്റെ സന്തോഷം വിളിച്ചറിയിച്ചാൽ നിങ്ങൾക്കതു മനസിലാകില്ല. എനിക്കിപ്പോൾ തനിയെ ശ്വസിക്കാനാകുന്നുണ്ട്. ഓരോ ജീവശ്വാസത്തിന്റെയും വില ഇപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്. അർധബോധാവസ്ഥയിൽ നുരയും പതയുമായി ഞാൻ മരണവുമായി മല്ലിടുകയായിരുന്നു ഓരോ നിമിഷവും”.
രണ്ട് ആശുപത്രികളിലായി കഴിഞ്ഞ ഈ 38 കാരനും എട്ടര മാസം ഗർഭിണിയായ ഭാര്യയും കൊറോണ ബാധിതയായിരുന്നു. ഭാര്യ കഴിഞ്ഞയാഴ്ച സുഖംപ്രാപിച്ച് ആശുപത്രി വിട്ടു വീട്ടിൽ കഴിയുന്നു. എങ്ങനെയാണ് മത്തേയോയെ കൊറോണ ബാധിച്ചതെന്ന് അറിയില്ല.
മഹാദുരന്തം അനേകായിരങ്ങളെ വീഴ്ത്തിയ ലൊംബാർഡി പ്രോവിൻസിൽ ഭയാനകമായ നിലയിലാണ് ഇപ്പോഴും കൊറോണയുടെ വിളയാട്ടം. 72,000 പേർ കൊറോണ ബാധിതരായി ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു.
സുഖപ്പെട്ടവരുടെ എണ്ണം പരിമിതവും. വീടുകളിൽ ഈ മഹാമാരിയുടെ ആദ്യഘട്ടവുമായി കഴിയുന്നവർ അനേകായിരങ്ങളാണ്. ശ്വാസം മുട്ടലും പനിയും രൂക്ഷമാകുന്ന സാഹചര്യത്തിൽ അവശനിലയിൽ എത്തുന്നവരെ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്.
ഇത്തരത്തിൽ ഒരു ദിവസം ശരാശരി നാലായിരം പേർ വിവിധ ആശുപത്രികളിൽ രോഗബാധിതരായി ചികിത്സ തേടുന്നുണ്ട്. ഇറ്റലിയിൽ മരണം ഏഴായിരം കടക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ എല്ലാ പ്രതീക്ഷകളും കണക്കുകൂട്ടലുകളും തകിടം മറിയുകയാണ്.
ഡോക്ടർമാരും നഴ്സുമാരും മരുന്നും ചികിത്സാ സംവിധാനവും ആവശ്യതതിനു തികയാത്തതാണ് ഇറ്റാലിയൻ ഗവണ്മെന്റ് നേരിടുന്ന വെല്ലുവിളി.
മൃതദേഹങ്ങൾ പട്ടാളം ജനവാസം കുറഞ്ഞയിടങ്ങളിൽ എത്തിച്ചു കൂട്ടമായി ദഹിപ്പിക്കുന്ന സാഹചര്യമാണ്. മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്ന ആയിരക്കണത്തിന് മൃതദേഹങ്ങൾ വരും ദിവസങ്ങളിൽ ദഹിപ്പിക്കാനുള്ള സംവിധാനമാണ് പട്ടാളം ക്രമീകരിക്കുന്നത്.
ഇറ്റലിയിലെ ലോഡിയിൽനിന്ന് ഫാ. ജിനോ മുട്ടത്തുപാടം