മുക്കം: സ്നേഹിതരും കുടുംബക്കാരും അയൽക്കാരുമായ നിരവധി പേർ എത്താനുണ്ടെങ്കിലും സ്നേഹനിധിയായ പിതാവിന് മക്കൾ യാത്രയയപ്പ് നൽകിയത് ആരെയും അറിയിക്കാതെ.
കാരശേരി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാപറമ്പ് സ്വദേശി വിളക്കോട്ടിൽ അഹമ്മദ് ഹാജിക്കാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം കൃത്യമായി പാലിച്ച് മക്കൾ യാത്രയയപ്പ് നൽകിയത്.
മണാശേരി കെഎംസിടി മെഡിക്കൽ കോളജിൽ വാർധക്യ സഹജമായ അസുഖം കാരണം ചൊവ്വാഴ്ച രാത്രി 11.30 നാണ് അഹമ്മദ് ഹാജി മരിച്ചത്.
അഞ്ച് ആൺമക്കളും രണ്ടു പെൺമക്കളും ഉൾപ്പെടെ ഏഴ് മക്കളുള്ള അഹമ്മദ് ഹാജിക്ക് ബന്ധുബലവും സുഹൃദ് ബന്ധവും ഏറെയുണ്ട്. പക്ഷേ നാട്ടിൽ മഹാമാരി പടർന്നുപിടിക്കുന്നതിനെക്കുറിച്ച് ബോധവാന്മാരായ മക്കൾ ആർക്കുവേണ്ടിയും കാത്തുനിന്നില്ല.
പുലർച്ചെ അഞ്ചര മണിക്ക് മുന്പ് മക്കളുടെ മാത്രം സാന്നിധ്യത്തിൽ നെല്ലിക്കാപറമ്പ് ജുമാമസ്ജിദിൽ മയ്യത്ത് ഖബറടക്കി. ജനാസ നമസ്കാരം വീട്ടിൽ തന്നെയാക്കി. രാജ്യം മുഴുവൻ ലോക്ക് ഡൗൺ ആയ സാഹചര്യത്തിൽ പോലും അധികൃതരുടെ വാക്കുകൾ മാനിക്കാതെ കൂട്ടം കൂടുന്നവർക്ക് മാതൃകയാവുകയാണ് പിതൃ വിയോഗത്തിനിടയിലും മാനവ സുരക്ഷയിൽ ആകുലരാകുന്ന ഈ മക്കൾ.
ഇവരുടെ ദുഃഖത്തിൽ പങ്കു ചേരാനും അനുശോചനമറിയിക്കാനും അധികമാരും എത്തിയില്ലെങ്കിലും മാതൃകാപരമായി പ്രവർത്തിച്ച ഇവരുടെ മനസിനെ അനുമോദിക്കാൻ കാരശേരി ഗ്രാമപഞ്ചായത്ത് അധികൃതർ മറന്നില്ല.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ്, ഗ്രാമപഞ്ചായത്ത് അംഗം എം.ടി അഷ്റഫ്, സെക്രട്ടറി അൻസു എന്നിവർ ഇവരുടെ വീട്ടിലെത്തിയാണ് അനുമോദിച്ചതും ഒപ്പം അനുശോചനം അറിയിച്ചതും.