കൊച്ചി: കൊറോണ വൈറസിനെതിരെ വരകളിലൂടെ ബോധവത്കരണം നടത്തി കാര്‍ട്ടൂണിസ്റ്റ് ജീസ് പി.പോള്‍. കോവിഡ് വ്യാപിക്കാതിരിക്കാന്‍ നാം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളാണ് നര്‍മരസപ്രധാനമായ കാര്‍ട്ടൂണുകളിലൂടെ ഇദ്ദേഹം പങ്കുവയ്ക്കുന്നത്.
കോവിഡിനെതിരെ ജീസ് തയാറാക്കിയ ഇരുപതോളം കാര്ട്ടൂണുകള് സാമൂഹ്യമാധ്യമങ്ങളിലൂടെയാണു പ്രചരിപ്പിക്കുന്നത്. കാര്‍ട്ടൂണുകളിലൂടെയുള്ള ബോധവത്കരണം പെട്ടെന്ന് ജനശ്രദ്ധ നേടുന്നതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവ ഏറെ സഹായകമാകുന്നുണ്ട്.
കൊറോണയെ അടിച്ചു ബൗണ്ടറി കടത്തുന്ന ക്രിക്കറ്റ് താരവും സെല്‍ഫ് ഗോള്‍ അടിക്കരുതെന്ന് നിര്‍ദേശിക്കുന്ന ഫുട്ബോള്‍ താരവും തുടങ്ങി സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെടുന്ന മേഖലകള്‍ തെളിയുന്നതും ക്രിയാത്മക നിര്‍ദേശങ്ങള്‍ അടങ്ങിയതുമായ കാര്ട്ടൂണുകള് വാട്സ്ആപ്പിലും ഫേസ് ബുക്കിലുമൊക്കെ ഏറെപ്പേര്‍ കണ്ടു.
വൈക്കം വെച്ചൂര്‍ അച്ചിനകം സ്വദേശിയായ ജീസ് പി.പോള്‍ മൂന്നു പതിറ്റാണ്ടിലേറെയായി കാര്‍ട്ടൂണുകളുമായി വിവിധ ആനുകാലികങ്ങളില്‍ സജീവമാണ്. എറണാകുളം സഹൃദയയുടെ പരിസ്ഥിതി വിഭാഗം മാനേജരായ ജീസ് പി.പോള്‍ സംസ്ഥാന ഹരിത കേരള മിഷന്റെയും ശുചിത്വമിഷന്റെയും റിസോഴ്സ് പേഴ്സണാണ്.