കോട്ടയം: മരുന്നുമായി എത്തുന്ന വാഹനങ്ങൾ പോലീസ് തടയുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
വൻകിട മൊത്തവിൽപ്പനക്കാരിൽനിന്നും ചെറുകിട വിൽപ്പനശാലയിലേക്കും മൊത്തവിൽപ്പന ശാലയിലേക്കും ആരോഗ്യരക്ഷ ഉൽപ്പന്നങ്ങളുമായി വരുന്ന വാഹനങ്ങളാണു ലോക്ക് ഡൗണ്പരിശോനയുടെ പേരിൽ തടയുകയും റോഡിൽ നീണ്ടസമയം ചെലവഴിക്കേണ്ടിവരുന്നതും.
തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽനിന്നാണു കൂടുതലായും മറ്റു ജില്ലകളിലേക്കു മരുന്നുമായി വാഹനങ്ങൾ വരുന്നത്. വാഹനങ്ങൾക്ക് പാസ് വാങ്ങിയിട്ടുണ്ടെങ്കിലും പാസ് എടുത്ത ജില്ലകളിൽ മാത്രമേ സഞ്ചരിക്കാനാകുവെന്നാണു പരിശോധന ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ മരുന്നുമായി വരുന്ന വാഹനങ്ങൾക്ക് ഒന്നിലധികം ജില്ലകളിൽകൂടി സഞ്ചരിക്കേണ്ടതായി വരും. ഈ വാഹനങ്ങൾ വിവിധ ജില്ല അധികൃതരിൽനിന്നും പാസ് എടുക്കുക പ്രായോഗികമല്ലെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ പറഞ്ഞു.
വൻകിട മൊത്തവിൽപ്പനക്കാരിൽനിന്നും മരുന്നുമായി വാഹനങ്ങൾ നീണ്ടസമയം യാത്രചെയ്താൽ മാത്രമേ ചെറുകിട വിൽപ്പന ശാലയിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളു. ഇൻസുലിൻ, ചില ആന്റി ബയോട്ടിക് മരുന്നുകൾ ശീതീകരിച്ച അന്തരീക്ഷത്തിൽ സൂക്ഷിക്കേണ്ടവ പ്രത്യേകം തയാറാക്കിയ പെട്ടികളിലാകും കൊണ്ടുവരുക.
നിശ്ചിത സമയത്തിനുള്ളിൽ എത്തിച്ചേരേണ്ട സ്ഥലങ്ങളിൽ എത്താൻ വൈകിയാൽ മരുന്നിന്റെ ഗുണനിലവാരം നഷ്ടമാകുകയും ചെയ്യും.