വടക്കഞ്ചേരി:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മദ്യശാലകൾ അടച്ചിട്ടതോടെ ഓരോ മദ്യവില്പനശാലകളിലേയും ലോക്കറുകളിൽ സൂക്ഷിച്ചിട്ടുള്ള ഭീമമായ തുക മോഷണം പോകാതെ സംരക്ഷിക്കുന്നതിന്റെ നെട്ടോട്ടത്തിലാണ് അധികൃതർ.ഓരോ മദ്യവില്പന ശാലകളിലും അരകോടിയോളം രൂപയാണ് സൂക്ഷിച്ചിട്ടുള്ളത്.
ഇനി ഒരു ഉത്തരവ് വരുന്നതുവരെ മദ്യശാലകൾ അടക്കണമെന്ന എംഡിയുടെ ഉത്തരവ് ബുധനാഴ്ച രാവിലെ ഷോപ്പ് തുറക്കുന്നതിനു മുന്പാണ് എത്തിയത്. ഇതിനാൽ തലെ ദിവസത്തെ പണം ബാങ്കിൽ അടക്കാൻ കഴിഞ്ഞിട്ടില്ല. ഇത്രയും തുക മദ്യശാലകളിൽ തന്നെയാണ് സൂക്ഷിക്കുന്നത്.
പണം ബാങ്കിൽ നിക്ഷേപിക്കുന്നതിന് വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് ജീവനക്കാർ പറയുന്നത്. എന്തായാലും മദ്യശാലകൾക്കെല്ലാം അടിയന്തിരമായി ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തേണ്ടി വരും.
കോടി കണക്കിന് രൂപയുടെ മദ്യവും കേന്ദ്രങ്ങളിൽ സ്റ്റോക്കുണ്ട്. പ്രധാനമന്ത്രി കഴിഞ്ഞ ഞായറാഴ്ച പ്രഖ്യാപിച്ച ജനത കർഫ്യുവിന്റെ തലേന്ന് മുതൽ റെക്കോർഡ് വില്പനയാണ് എല്ലാ മദ്യശാലകളിലും നടന്നിട്ടുള്ളത്. മുടപ്പല്ലൂർ, ആലത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഓരോ ദിവസവും 40 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടക്ക് മദ്യവില്പന നടന്നിരുന്നതായി ജീവനക്കാർ പറഞ്ഞു.
കോവിഡ് ഭീതിക്കു മുന്പ് 17 ലക്ഷത്തിനു താഴെയായിരുന്നു ദിനംപ്രതിയുള്ള മദ്യവില്പന. ഇതാണ് 50 ലക്ഷം വരെ എത്തിയത്.ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് മദ്യശാലകൾ ഇത്രയും ദിവസം അടച്ചിടുമെന്ന് പറയുന്നത്.