കുന്നംകുളം: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കഴിഞ്ഞ ദിവസം ജാമ്യത്തിൽ പുറത്തിറങ്ങി നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ മോഷണ ശ്രമത്തിനിടെ വീണ്ടും അറസ്റ്റു ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ കുന്നംകുളം എസ്എച്ച്ഒ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്.
അക്കികാവ്, കുപ്പിക്കുന്ന്, വെളുത്തവളപ്പിൽ വീട്ടിൽ ഫൈസലിന്റെ വീട്ടിൽ നിന്നും മോട്ടോർ സൈക്കിൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാഗലശേരി, മൂളിപ്പറന്പ് മഞ്ഞക്കാട്ടുവളപ്പിൽ വീട്ടിൽ അജീഷിനെയാണ്(32) അറസ്റ്റു ചെയ്തത്.
കഴിഞ്ഞദിവസം രാത്രി 11.00 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീടിന്റെ ഗേറ്റിനു സമീപം പൂട്ടിവെച്ചിരുന്ന വാഹനം മോഷ്ടിച്ചു കൊണ്ടു പോകാൻ ശ്രമിക്കുന്നത് കണ്ട ഫൈസൽ ഒച്ച വെച്ച് കൂട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
കുന്നംകുളം സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ 2018 നവംബർ മാസത്തിൽ നിരവധി വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ പ്രതി പട്ടാന്പി പോലീസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു വാഹന മോഷണ കേസിൽ അന്ന് പട്ടാന്പി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന കെ.ജി. സുരേഷ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതി ആലത്തൂർ, ചാലിശേരി സ്റ്റേഷനുകളിലും മോഷണക്കേസിൽ അറസ്റ്റിലായിട്ടുണ്ട്. അന്വേഷണ സംഘത്തിൽ എസ്ഐ ഇ.ബാബു. എഎസ് ഐമാരായ ഷിബു, സതീശൻ, വർഗീസ്, സിപിഒ മാരായ സോജുമോൻ, ഇക്ബാൽ, എന്നിവരും ഉണ്ടായിരുന്നു.