കട്ടപ്പന: കട്ടപ്പന വർക്കിംഗ് വിമൻസ് ഹോസ്റ്റൽ അടച്ച് വാർഡൻ മുങ്ങി. മൂന്നു പെണ്‍കുട്ടികൾ ഉള്ളിൽ കുടുങ്ങി. കട്ടപ്പന പോലീസ് സ്ഥലത്തെത്തി ഹോസ്റ്റൽ ബലമായി തുറപ്പിച്ച് ഇവരെ മോചിപ്പിച്ചു.
കട്ടപ്പനയിൽ ഹൗസിംഗ് ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന കട്ടപ്പന വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ വാർഡനാണ് മുങ്ങിയത്. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർ, അർബൻ ബാങ്ക് ജീവനക്കാരി, ചക്കുപള്ളം ആയുർവേദ ആശുപത്രിയിലെ ഫാർമസിസ്റ്റ് എന്നിവരെയാണ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ വാർഡൻ പൂട്ടിയിട്ടത്. ഹോസ്റ്റലിൽനിന്ന് പുറത്തേക്കിറങ്ങാനുള്ള രണ്ടു ഗേറ്റുകളും പൂട്ടി താക്കോലുമായാണ് വാർഡൻ വീട്ടിൽപോയത്.
പെണ്‍കുട്ടികൾ വീട്ടിൽ വിവരമറിയിച്ചതനുസരിച്ച് വീട്ടുകാർ വാർഡനെയും ഹൗസിംഗ് ബോർഡ് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും ഗേറ്റ് തുറക്കാൻ നടപടിയുണ്ടായില്ല.
തുടർന്ന് പോലിസിൽ വിവരമറിയിക്കുകയായിരുന്നു. കട്ടപ്പന വനിതാ എസ്ഐ ജോഷിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടികളുമായി സംസാരിച്ചശേഷം വാർഡന്റെ വീട്ടിലെത്തി അവരെ കുട്ടിക്കൊണ്ടുവന്ന് പൂട്ട് തുറപ്പിക്കുകയായിരുന്നു.