ആലപ്പുഴ: ഡോക്ടർ ഇൻ, ഡോക്ടർ ഒൗട്ട് തുടങ്ങിയ ബോർഡുകൾ കണ്ട് പരിചയിച്ച ആലപ്പുഴയിലെ രോഗികളെത്തേടി പുതുതായി എത്തുകയാണ് ’ഡോക്ടർ ഓണ്‍ലൈൻ’. ജില്ലാ മെഡിക്കൽ ഓഫീസും ആലപ്പുഴ മെഡിക്കൽ കോളജും ജില്ല ഭരണകൂടവും ചേർന്ന് ഓണ്‍ ലൈനിൽ കണ്സൾട്ടേഷൻ സൗകര്യമൊരുക്കുകയാണ് ’ ഡോക്ടർ ഓണ്‍ലൈൻ’ പദ്ധതി വഴി.
ഡോക്ടറെ നേരിൽ കാണാൻ പോകാൻ കഴിയാത്ത സാഹചര്യമുള്ള ജില്ലയിലെ ഏത് തരത്തിലുള്ള രോഗ ബാധിതർക്കും ഓണ്‍ ലൈൻ വഴിയുള്ള കണ്സൾട്ടേഷന് സൗകര്യമുണ്ട്.
രോഗികൾ ആദ്യം ചെയ്യേണ്ടത് 04772961576 എന്ന നന്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുകയാണ്. ഈ നന്പറിൽ വിളിക്കുന്പോൾ നിലവിലുള്ള രോഗം സംബന്ധിച്ച് ചെറിയ വിവരണം നൽകണം.
ഇത് കഴിഞ്ഞാൽ അസുഖവുമായ ബന്ധപ്പെട്ട് ഡോക്ടർ നിങ്ങളെ തിരിച്ചു വിളിക്കും. വാട്ട്സ് ആപ്പ് കോൾ വഴിയാണ് ഡോക്ടർ ബന്ധപ്പെടുക. ഡോക്ടർ വിവരങ്ങളെല്ലാം കേട്ട ശേഷം മരുന്ന് നൽകാവുന്ന കേസാണെന്ന് ബോധ്യപ്പെട്ടാൽ അപ്പോൾത്തന്നെ മരുന്ന് നിർദ്ദേശിക്കും. കൂടുതൽ പരിശോധന ആവശ്യമാണെങ്കിൽ അതിനുള്ള നിർദ്ദേശങ്ങൾ അപ്പോൾത്തന്നെ നൽകും.
നേരിട്ട് കാണേണ്ട സാഹചര്യത്തിൽ അതും പറയും. രോഗിയുമായി ബന്ധപ്പെട്ട വകുപ്പിലെ ഡോക്ടർ അദ്ദേഹത്തിന്റെ സമയക്രമമനുസരിച്ചായിരിക്കും തിരിച്ച് ബന്ധപ്പെടുക.
കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പലർക്കും ഡോക്ടറെ കാണാൻ നേരിട്ട് എത്താൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഇത്തരത്തിലുള്ള ഓണ്‍ലൈൻ കണ്സൾട്ടേഷൻ സൗകര്യം ഒരുക്കിയത്.
ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഗൈനക്കോളജി, റെസ്പിറേറ്ററി മെഡിസിൻ, ഇഎൻടി, ഒഫ്ത്താൽമോളജി, സർജറി, നെഫ്റോളജി, ഓങ്കോളജി, ഡെർമറ്റോളജി, സൈക്യാട്രി, ഓർത്തോ, ന്യൂറോളജി, ഫിസിക്കൽ മെഡിസിൻ, റേഡിയോതെറാപ്പി, യൂറോളജി, സിവിടിഎസ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനമാണ് ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളത്.