
സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടേയും ലോക്ക് ഡൗണിന്റെയും സാഹചര്യത്തിൽ കേരളത്തിൽ ഇക്കുറി വിഷുവിപണിയില്ലാത്തത് രാജ്യത്തെ പ്രധാന പടക്ക നിർമാണ കേന്ദ്രമായ ശിവകാശിക്ക് കനത്ത തിരിച്ചടി. രാജ്യത്തിന്റെ എല്ലായിടത്തേയും ആഘോഷങ്ങളെല്ലാം ഉപേക്ഷിച്ചിരിക്കുന്നതിനാൽ ഇന്നേവരെ ഉണ്ടാകാത്ത പ്രതിസന്ധിയിലാണ് ശിവകാശി.
ശിവകാശിയിലെ പ്രധാന കുടിൽവ്യവസായംകൂടിയാണ് പടക്ക നിർമാണം. രാജ്യത്തെ പ്രധാന പടക്ക നിർമാണ കേന്ദ്രമായ ഇവിടെനിന്നും വിഷു സീസണിൽ കേരളത്തിലേക്കും മറ്റിടങ്ങളിലേക്കും കോടികളുടെ പടക്കമാണ് കയറ്റി അയക്കാറുള്ളത്.
എന്നാൽ ഇത്തവണ കോവിഡ് എല്ലാം തകിടം മറിച്ചു. പ്രധാനമായും പടക്ക നിർമാണത്തെ മാത്രം ആശ്രയിച്ച് നിലനിൽക്കുന്ന ശിവകാശിയുടെ സാന്പത്തികാവസ്ഥ ഇനി കരകയറണമെങ്കിൽ ഏറെക്കാലമെടുക്കുമെന്ന് സാന്പത്തിക വിദഗ്ധർ പറയുന്നു.
രാജ്യം കോവിഡ് ഭീതിയിൽ നിന്നും മുക്തിനേടി പഴയപോലെയുള്ള അവസ്ഥയിലേക്കും ആഘോഷങ്ങളിലേക്കും എത്തണമെങ്കിൽ ഏറെ കാലമെടുക്കുമെന്നതിനാൽ പടക്കനിർമാണം അടുത്തൊന്നും പഴയരീതിയിലെത്തില്ല.
രാജ്യത്ത് പടക്കങ്ങൾക്കും വെടിക്കെട്ടുകൾക്കുമൊക്കെ ഉള്ള നിയന്ത്രണങ്ങൾ ശിവകാശിയിലെ കച്ചവടത്തേയും പ്രതികൂലമായി ബാധിച്ചിരുന്നുവെങ്കിലും കേരളത്തിലെ വിഷു എല്ലാ നഷ്ടങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാതാക്കുന്ന കാലമായിരുന്നു.
പടക്ക നിർമാണത്തിൽനിന്ന് ശിവകാശിയിലെ പുതുതലമുറയിൽ പെട്ടവർ അകന്നുപോകുന്നതായി അവിടുള്ളവർ പറയാറുണ്ട്. ഇപ്പോഴത്തെ കനത്ത പ്രതിസന്ധി ആ കൊഴിഞ്ഞുപോക്കിന് വേഗത കൂട്ടുമെന്ന് പരന്പരാഗതമായി പടക്ക നിർമാണത്തിലേർപ്പെട്ടവർ പറയുന്നു.