ഇതാദ്യമായി ഒരു രാജ്യത്തെ സ്ഥിരീകരിച്ച കൊറോണ ബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. ഈ നിമിഷം അമേരിക്കയിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1,04,126. ഒരു ലക്ഷം ആക്റ്റീവ് കേസുകൾ.
ഇന്ന് മാത്രം സ്ഥിരീകരിച്ചത് ~18,600 കേസുകൾ. ഇന്ന് മാത്രം മരണപ്പെട്ടത് 400 പേർ. മാർച്ചു മാസം ഒന്നാം തീയതിയാണ് ന്യൂയോർക്കിൽ ആദ്യത്തെ കൊറോണ കേസ് സ്ഥിരീകരിക്കുന്നത്.
അതിനുശേഷമുള്ള 27 ദിവസങ്ങൾകൊണ്ടാണ് അമേരിക്ക മറ്റെല്ലാ ലോകരാജ്യങ്ങളെയും എണ്ണത്തിൽ പിന്നിലാക്കിയത്, ഫ്രാൻസിനേക്കാളും ഇറാനെക്കാളും യുകെയെക്കാളും കൊറോണ കേസുകൾ ന്യൂയോർക്കിൽ മാത്രം സ്ഥിരീകരിക്കപ്പെട്ടത്!
ഈ നിമിഷത്തെ ന്യൂയോർക്കിലെ മാത്രം പോസിറ്റീവ് കേസുകൾ 46,262 ആണ്. ഒന്നര ലക്ഷം ടെസ്റ്റുകൾ ഇതുവരെ ന്യൂയോർക്കിൽ മാത്രം നടന്നു, ഒരു ദിവസം 17,000- 18,000 ടെസ്റ്റുകൾ!
ഇന്ന് ഗവർണർ കോമോ പറഞ്ഞത്, കൊറോണ ബാധിതരിൽ 20 ശതമാനം മാത്രമാണ് ടെസ്റ്റ് ചെയ്യപ്പെടുന്നത്, ബാക്കി 80 ശതമാനം കൊറോണ ആണെന്നു പോലുമറിയാതെ സ്വയം മുക്തമാകുന്നു. അവരുടെ എണ്ണം എത്രയെന്നു പോലും അറിയില്ല.
സ്ഥിരീകരിക്കപ്പെടുന്നതിൽ 13 ശതമാനത്തിനു മാത്രമാണ് ആശുപത്രി ചികിത്സ ആവശ്യമുള്ളത്. അവരുടെ എണ്ണം ഇനിവരുന്ന ആഴ്ചകളിൽ എത്രകണ്ട് ഉയരുമെന്നു യാതൊരു വ്യക്തതയുമില്ല.
ഐസിയുവും വെന്റിലേറ്ററും ഉൾപ്പടെയുള്ള ചികിത്സ വേണ്ടിവരുന്നവർക്കു നിലവിൽ അതുനൽകാൻ കഴിയുന്നതുകൊണ്ടാണ് മരണനിരക്ക് ഇപ്പോഴും ഒന്നര ശതമാനമായി പിടിച്ചുനിർത്താൻ കഴിയുന്നത്. ഒരാഴ്ചകൊണ്ട് പണിപൂർത്തിയായ 1000 കിടക്കകളുള്ള താൽക്കാലിക ആശുപത്രി ഇന്നു പ്രവർത്തനമാരംഭിച്ചു.
അത്തരത്തിൽ നാലെണ്ണം കൂടി വേണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെടാൻ പോകുന്നു. ആയിരം ആശുപത്രി കിടക്കകളുമായി അമേരിക്കൻ നേവിയുടെ കപ്പൽ തിങ്കളാഴ്ച ന്യൂയോർക്ക് തീരത്തു നങ്കൂരമിടും.
എങ്കിലും ആവശ്യത്തിനു കിടക്കകളും ഐസിയു ബെഡും വെന്റിലേറ്ററും ഉണ്ടാവില്ല എന്നുള്ള ആശങ്കയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പോസിറ്റീവ് കേസുകൾക്കൊപ്പം ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്.