പാതി വഴിയിൽ ദാന്പത്യബന്ധം അവസാനിപ്പിച്ച ഒരുപാട് താരങ്ങളുണ്ട്. ഏറെക്കാലം വിവാഹിതർ ആയിരുന്നിട്ടും വലിയ ശത്രുതയോടെ പിരിഞ്ഞവരാണ് കൂടുതലും.
എന്നാൽ മക്കൾക്ക് വേണ്ടി സൗഹൃദം സൂക്ഷിക്കുന്ന താരങ്ങളാണ് ഹൃത്വിക് റോഷനും മുൻഭാര്യ സുസൈനും. വിവാഹമോചിതർ ആണെങ്കിലും ഹൃത്വികും ഭാര്യയായിരുന്ന സുസൈനും എല്ലാവർക്കും മാതൃകയാണ്. പലപ്പോഴും മക്കൾക്ക് വേണ്ടി ഇരുവരും ഒന്നിക്കാറുണ്ട്.
ഇപ്പോഴിതാ കൊറോണ വൈറസ് വ്യാപിച്ചിരിക്കുന്ന കാലത്ത് താരകുടുംബം വീണ്ടും ഒന്നിച്ചിരിക്കുകയാണ്. സമൂഹ മാധ്യമത്തിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെ ഹൃത്വിക് റോഷൻ തന്നെയാണ് സുസൈൻ വീട്ടിലെത്തിയ കാര്യം പുറംലോകത്തോട് പറഞ്ഞിരിക്കുന്നത്.
ലോകം മനുഷ്യരാശിയെ കുറിച്ച് സംസാരിക്കുന്പോൾ മാതാപിതാക്കൾ അവരുടെ കുട്ടികളുടെ ചേർത്ത് നിർത്താനുള്ള അവസരമാണെന്ന് എനിക്ക് തോന്നുന്നു.
രാജ്യം മുഴുവൻ ലോക്ഡൗണിലായ സാഹചര്യത്തിൽ മാതാപിതാക്കൾ എന്ന നിലയിൽ കുട്ടികളെ പിരിഞ്ഞ് ഞങ്ങൾക്ക് ജീവിക്കാനാകില്ല. ഈ മഹാമാരിക്കെതിരേ പൊരുതാൻ ലോകം തന്നെ ഒരുമിച്ചു.
ലോകം മുഴുവൻ മനുഷ്യത്വത്തെ കുറിച്ച് ചർച്ച ചെയ്യുന്പോൾ നമ്മൾ കുട്ടികളുടെ കാര്യം കൂടി ആലോചിക്കണം. അവരെ ചേർത്ത് നിർത്തണം. അച്ഛനും അമ്മയ്ക്കും തുല്യ അവകാശമാണ് ഇക്കാര്യത്തിൽ. അത് ലംഘിക്കാതെ അവരെ അടുപ്പിച്ച് നിർത്താം.
ഇതെന്റെ മുൻഭാര്യ സുസൈൻ, ഞങ്ങളുടെ കുഞ്ഞുങ്ങളിൽ നിന്നു മാറി നിൽക്കാൻ താൽപര്യമില്ലാത്തതിനാൽ സ്വമേധയാ അവളുടെ വീട്ടിൽ നിന്ന് എനിക്കൊപ്പം വന്നു. ഞങ്ങളുടെ സഹ-രക്ഷകർതൃത്വത്തിൽ വളരെയധികം പിന്തുണ നൽകുന്നതിന് സുസൈനു നന്ദി പറയുകയാണ്.
ഞങ്ങൾ അവർക്കായി സൃഷ്ടിച്ച കഥ ഞങ്ങളുടെ കുട്ടികൾ പറയും. നമ്മുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി പ്രത്യാശിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. സ്നേഹം, സഹാനുഭൂതി, ധൈര്യം, ശക്തി എന്നിവ ഹൃദയത്തോടെ തുറന്ന് പ്രകടിപ്പിക്കാനുള്ള വഴി ഞങ്ങൾ എല്ലാവരും കണ്ടെത്തുകയാണെ എന്നുമാണ് ഹൃത്വിക് കുറിച്ചത്.
ബാല്യകാല സുഹൃത്തുക്കളായിരുന്ന ഹൃത്വിക് റോഷനും സൂസൈൻ ഖാനും 2000 ലാണ് വിവാഹിതരാവുന്നത്. ഏറെ കാലത്തെ പ്രണയത്തിനും സൗഹൃദത്തിനുമൊടുവിലായിരുന്നു ഇവരുടെ വിവാഹം. വർഷങ്ങളോളം നീണ്ട ദാന്പത്യബന്ധം 2014 ൽ അവസാനിച്ചു. ഇരുവർക്കും രണ്ട് ആണ്മക്കളാണുള്ളത്.
വിവാഹബന്ധം അവസാനിപ്പിച്ചെങ്കിലും എല്ലാ കാലത്തും ഞങ്ങൾ സുഹൃത്തുക്കളായിരിക്കുമെന്ന് ഇരുവരും പറഞ്ഞിരുന്നു. മാത്രമല്ല മക്കൾക്ക് വേണ്ടി ഇരുവരും പലപ്പോഴും ഒന്നിക്കാറുണ്ട്. മക്കളുടെ പിറന്നാളും അവധിക്കാലവുമെല്ലാം ഇരുവരും ഒന്നിച്ചാണ് ആഘോഷിക്കാറ്.