തെന്നിന്ത്യൻ സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ലേഡി സൂപ്പർസ്റ്റാറായി മാറിയ താരമാണ് അനുഷ്ക ഷെട്ടി. അഭിനയ പ്രാധാന്യമുളള വേഷങ്ങൾക്കൊപ്പം ഗ്ലാമർ വേഷങ്ങളും ചെയ്തുകൊണ്ടാണ് അനുഷ്ക തിളങ്ങിയത്.
ബാഹുബലി പോലുളള സിനിമകൾ അനുഷ്ക ഷെട്ടിയുടെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. നായികാ വേഷങ്ങൾക്കൊപ്പം കേന്ദ്രകഥാപാത്രമായുളള സിനിമകളും നടി ചെയ്യുന്നുണ്ട്.
ഒരു സിനിമയുടെ പ്രെമോഷന്റെ ഭാഗമായി നടന്ന ഒരു ഷോയിൽ അനുഷ്ക പൊട്ടിക്കരഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പരിപാടിയിൽ അനുഷ്കയുടെ അഭിനയ ജീവിതത്തിന്റെ നാൾവഴികൾ കോർത്തിണക്കി ഒരുക്കിയ വീഡിയോ സ്ക്രീനിൽ കാണിച്ചിരുന്നു.
അതിൽ സംവിധായകൻ കൊടി രാമകൃഷ്ണയെ കാണിച്ചപ്പോഴാണ് നടി വികാരധീനയായത്. അനുഷ്കയുടെ കരിയറിൽ വഴിത്തിരിവായി മാറിയ അരുന്ധതി എന്ന ചിത്രം സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു. നടിയെ തെന്നിന്ത്യൻ താരസുന്ദരി പദവിയിലേക്ക് ഉയർത്തിയതും ഈ ചിത്രമായിരുന്നു.
കഴിഞ്ഞ വർഷമാണ് അരുന്ധതിയുടെ സംവിധായകൻ രാമകൃഷ്ണ മരണപ്പെട്ടത്. അദ്ദേഹം കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നുവെന്നും ഇന്നും അദ്ദേഹത്തെ മിസ് ചെയ്യുന്നുവെന്നും അനുഷ്ക പറഞ്ഞു.
അരുന്ധതിയിലെ പ്രകടനത്തിന് നേരത്തെ ഫിലിം ഫെയർ പുരസ്കാരവും അനുഷ്ക ഷെട്ടിക്ക് ലഭിച്ചിരുന്നു. തെലുങ്കിൽ വലിയ വിജയമായ സിനിമ മലയാളത്തിലും മൊഴിമാറ്റി എത്തിയിരുന്നു. 2009ലാണ് അരുന്ധതി പുറത്തിറങ്ങിയത്. ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമായിരുന്നു അരുന്ധതി.
അനുഷ്കയുടെ എറ്റവും പുതിയ ചിത്രമായ നിശബ്ദത്തിന്റെ റിലീസ് എപ്രിലിലായിരുന്നു പ്രഖ്യാപിച്ചത്. അതേസമയം കൊവിഡ് 19 കാരണം ചിത്രത്തിന്റെ റിലീസ് ഇനിയും നീളാനാണ് സാധ്യത. ഇത്തവണയും ഒരു ത്രില്ലർ ചിത്രവുമായിട്ടാണ് നടി എത്തുന്നത്.
നടൻ മാധവനാണ് ചിത്രത്തിൽ അനുഷ്ക ഷെട്ടിയുടെ നായകനായി എത്തുന്നത്. പുരി ജഗന്നാഥ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം സൂപ്പറിലൂടെയാണ് അനുഷ്ക ഷെട്ടി കരിയർ ആരംഭിച്ചത്. തുടർന്ന് തെലുങ്കിലെ മുൻനിര സംവിധായകർക്കൊപ്പവും സൂപ്പർ താരങ്ങൾക്കൊപ്പവുമെല്ലാം നടി പ്രവർത്തിച്ചിരുന്നു. തെലുങ്ക് ഇൻഡസ്ട്രിയിലാണ് നടി കൂടുതൽ സജീവമായിരുന്നത്.