കോന്നി: അച്ചന്‍കോവിലാറിനു മറുകരയില്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ വനാന്തര പ്രദേശമായ ആവണിപ്പാറയില്‍ കൊറോണ കാലത്ത് സഹായവുമായി കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ പി.ബി. നൂഹും. സാധനങ്ങള്‍ ചുമന്ന് അച്ചന്‍കോവിലാര്‍ കടന്ന് തങ്ങളുടെ കോളനിയിലേക്ക് എംഎല്‍എയും കളക്ടറും എത്തുമ്പോള്‍ കോളനി നിവാസികള്‍ക്കും അപ്രതീക്ഷിത അനുഭവമായി.
കോന്നി മണ്്ഡലത്തില്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നടപ്പാക്കിയ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായാണ് ആവണിപ്പാറ ഗിരിജന്‍ കോളനിയില്‍ ഭക്ഷ്യസാധനങ്ങള്‍ നേരിട്ടെത്തിച്ചത്.
ജനമൈത്രി പോലീസ് സ്റ്റേഷനും കോന്നി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയും ശേഖരിച്ച ഭക്ഷണസാധനങ്ങളാണു വിതരണം ചെയ്തത്. പത്ത് കിലോ അരി, ഒരു കിലോ വെളിച്ചെണ്ണ, പഞ്ചസാര, ഉഴുന്ന്, കാപ്പിപ്പൊടി, തേയില, ഉപ്പ്, സോപ്പ്, പച്ചക്കറി എന്നിവയടങ്ങിയ കിറ്റുകള്‍ കോളനിയിലെ 37 കുടുംബങ്ങള്‍ക്കും വിതരണംചെയ്തു.
നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലേയും ആവശ്യക്കാര്‍ക്കു മരുന്നും പലചരക്ക് സാധനങ്ങളും മറ്റും എത്തിച്ചുകൊടുക്കുന്ന പദ്ധതിയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ആരംഭിച്ച കൈത്താങ്ങ് പദ്ധതി. ഓരോ പഞ്ചായത്തിലും അഞ്ച് വോളണ്ടിയര്‍മാരാണുള്ളത്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം പാലിച്ചാണ് ഇവര്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്.
സ്വന്തം ചിലവിലാണു വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തനം നടത്തുന്നത്.കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ ആദിവാസി കോളനികളില്‍ ഭക്ഷണം എത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് എംഎല്‍എയ്ക്ക് ഒപ്പം കോളനിയില്‍ സന്ദര്‍ശനം നടത്തിയതെന്നും എല്ലാവര്ക്കും ഭക്ഷണം എത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
കൊക്കത്തോട് പിഎച്ച്സി.മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.ശ്രീജയന്റെ നേതൃത്വത്തിലുള്ള നാലംഗ മെഡിക്കല്‍ സംഘവും കോളനിയില്‍ പരിശോധന നടത്തി. എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, കോന്നി തഹസില്‍ദാര്‍ ഇന്‍ ചാര്‍ജ് റോസ്ന ഹൈദ്രോസ്, ഗ്രാമപഞ്ചായത്തംഗം പി.സിന്ധു, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, കൈത്താങ്ങ് പദ്ധതി വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.