കോട്ടയം: ആശുപത്രിയിൽ പോകാൻ വാഹനം വൈകിയതോടെ യുവതി 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തോടെ ആണ്കുഞ്ഞിനു ജന്മം നൽകി.
ഇന്നലെ രാവിലെയാണ് അമയന്നൂർ കവലയിൽ താമസിക്കുന്ന തെങ്കാശി സ്വദേശിനിയായ ഗീതാ ലക്ഷ്മിയുടെ പ്രസവം 108 ആംബുലൻസ് സർവീസ് ജീവനക്കാരുടെ പരിചരണത്തോടെ നടന്നത്.
കോട്ടയം ജില്ലാ ആശുപത്രിയിലെ 108 ആംബുലൻസ് ജീവനക്കാരായ എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ തിരുവാർപ്പ് കുടുക്കേമഠം സൗമ്യമോൾ അലക്സും ആംബുലൻസ് ഡ്രൈവർ ആർപ്പൂക്കര ആത്മചൈതന്യയിൽ കണ്ണൻ ഉണ്ണിയുമാണ് അവസരോചിതമായ ഇടപെടൽ നടത്തിയത്.
ഇന്നലെ പുലർച്ചയോടെയാണു ഗീതയ്ക്കു പ്രസവവേദന ഉണ്ടായത്. തുടർന്നു ആശുപത്രിയിൽ എത്തിക്കാൻ വാഹനത്തിനായി ശ്രമിച്ചെങ്കിലും ലോക്ക് ഡൗണായതിനാൽ വാഹനം ലഭിച്ചില്ല.
രാവിലെ അഞ്ചിനു 108 കണ്ട്രോൾ റൂമിലേക്ക് ഫോണ് വിളിക്കുകയായിരുന്നു. 5.10 നു തന്നെ സൗമ്യയും കണ്ണനുണ്ണിയും അമയന്നൂരിലെത്തി. അമയന്നൂർ ക്ഷേത്രത്തിനു സമീപം ആക്രിവ്യാപാര കേന്ദ്രത്തിനു സമീപത്തുള്ള വീട്ടിലെത്തിയപ്പോഴേക്കും ഗീതാ ലക്ഷ്മി പ്രസവവേദനയിൽ കഴിയുകയായിരുന്നു.
ആശുപത്രിയിൽ എത്തിക്കുന്നതു ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നു സൗമ്യ തിരിച്ചറിയുകയും അവിടെ തന്നെ പരിചരിച്ചു പ്രസവം നടത്തിക്കുകയുമായിരുന്നു.
പ്രസവശേഷം അമ്മയെയും ആണ്കുഞ്ഞിനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തെങ്കാശി മരുത്പുരം അണ്ണാമലെ പുതുവൂർ സ്വദേശി സേതുപതിയാണ് ഗീതാ ലക്ഷ്മിയുടെ ഭർത്താവ്. ഇതുവരെ ഇവർ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. ദന്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് ഇന്നലെ ജനിച്ചത്.