സിതാപുർ: ഒരു പേരിൽ എന്തിരിക്കുന്നെന്ന് ചോദിക്കാമെങ്കിലും ഉത്തർപ്രദേശിലെ സിതാപുരിലുള്ള ഒരു ഗ്രാമത്തിന്റെ പേരുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. ലോക്ഡൗൺ കാലത്ത് അത്യാവശ്യ കാര്യത്തിനു പോലും പുറത്തുപോകാനാവുന്നില്ല.
ആളുകളെല്ലാം സംശയത്തോടെ നോക്കുന്നു. ഗ്രാമത്തിന്റെ പേര് പറഞ്ഞുപോയാൽ പിന്നെ ആളുകളാരും അടുത്തേയ്ക്കുവരില്ല- ഇങ്ങനെ പോകുന്നു ഈ ഗ്രാമക്കാരുടെ പ്രശ്നങ്ങൾ.
അങ്ങനെയെങ്കിൽ എന്തായിരിക്കും ഈ ഗ്രാമത്തിന്റെ പേര്. ഗ്രാമവാസിയായ രാജനോട് ചോദിച്ചാൽ മടിച്ചുമടിച്ച് ശബ്ദം താഴ്ത്തി അദ്ദേഹം പറയും കൊറൗണ.
ലോകത്തെ “ക്ഷ’ വരിപ്പിച്ച കൊറോണയോടുള്ള സാമ്യമാണ് കൊരൗണക്കാരുടേയും പ്രശ്നം. ഗ്രാമത്തിൽ ആർക്കും കൊറോണ വൈറസ് ബാധിച്ചിട്ടില്ലെങ്കിലും പുറത്തുള്ളവരെല്ലാം തങ്ങളെ സംശയത്തോടെയാണ് കാണുന്നതെന്ന് രാജൻ പറയുന്നു.
ഗ്രാമത്തിൽ ആളുകളെല്ലാം ഭയപ്പെട്ടിരിക്കുകയാണ്. ആരും പുറത്തുവരാൻ തയാറല്ല. ഞങ്ങൾ കൊരൗണയിൽ നിന്നുള്ളവരാണെന്ന് ആളുകളോട് പറയുമ്പോൾ അവർ ഞങ്ങളെ ഒഴിവാക്കുന്നു.
ഇത് വൈറസ് ബാധിച്ച ആളല്ല. ഒരു ഗ്രാമമാണെന്ന് അവർക്ക് മനസിലാകുന്നില്ല-രാജൻ വേദനയോടെ വിശദീകരിച്ചു.ഫോൺ വിളിച്ചാൽപോലും കൊരൗണയിൽനിന്നാണെന്നു പറയുമ്പോൾ കട്ട് ചെയ്യുന്നു.
റോഡിൽ പരിശോധന നടത്തുന്ന പോലീസുകാരോട് കൊരൗണയിലേക്കാണെന്ന് പറഞ്ഞാൽ അവരും സംശയത്തോടെയാണ് നോക്കുന്നത്. തങ്ങളുടെ ഗ്രാമത്തിന് ഇത്തരമൊരു പേരുണ്ടായത് തങ്ങൾ എന്ത് തെറ്റാണ് ചെയ്തതെന്നും രാജൻ ചോദിക്കുന്നു.