പായിപ്പാട്: ഇരിക്കാനും നിൽക്കാനുമെന്നല്ല നിന്നു തിരിയാൻ ഇടമില്ലാത്ത ഷെൽട്ടറുകളുടെ ഒരുമുറിയിൽ അഞ്ചുമുതൽ പത്തുവരെ തൊഴിലാളികൾ താമസിക്കുന്നത്. ഇതിനുള്ളിലാണ് ആഹാരം പാചകം ചെയ്യുന്നതും ഇവർ നിരന്നിരുന്നു കഴിക്കുന്നതും അന്തിയുറങ്ങുന്നതും.
വൃത്തിഹീനവും ദുർഗന്ധ പൂരിതവുമായ പരിസരങ്ങളും പല ഷെൽട്ടറുകളുടേയും ചുറ്റുപാടുകളിലെ കാഴ്ചയാണ്. ടിൻ ഷീറ്റുകൊണ്ടു മറച്ചു കെട്ടിയവയാണു പല ഷെൽട്ടറുകളും. ഇതാണ് പായിപ്പാട്ടെ ഭൂരിപക്ഷം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളും വസിക്കുന്ന ക്യാന്പുകളുടേയും അവസ്ഥ.
കന്നുകാലിക്കൂടും കച്ചിപ്പുരയും ഷെൽട്ടറുകളായി. പല ക്യാന്പുകൾക്കും നല്ല രീതിയിലുള്ള ബാത്തു റൂമുകളോ കക്കൂസുകളോ ഇല്ല. നല്ല ബലവത്തായ ബഹുനില കോണ്ക്രീറ്റ് കെട്ടിടങ്ങളിലും തൊഴിലാളികൾ താമസിക്കുന്നുണ്ട്. 1,200 മുതൽ രണ്ടായിരം രൂപവരെയാണ് ഓരോ തൊഴിലാളികളിൽ നിന്നും ക്യാന്പ് ഉടമകൾ കൈപ്പറ്റുന്നത്.
പായിപ്പാട് പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി 170 ഇതര സംസ്ഥാന തൊഴിലാളി ക്യാന്പുകളാണു പ്രവർത്തിക്കുന്നത്. ഇതിൽ ഭൂരിപക്ഷത്തിനും പഞ്ചായത്ത് അംഗീകാരമോ കെട്ടിട ലൈസൻസോ ഇല്ല. ഉടമകളുടെ വീട്ടിലെ വൈദ്യുതി കണക്ഷനാണു ക്യാന്പിലേക്ക് നൽകിയിരിക്കുന്നത്. പകൽ ചില ക്യാന്പ് ഉടമകൾ വൈദ്യുതി കണക്ഷൻ വിഛേദിക്കാറുണ്ട്.
ഈ ക്യാന്പുകൾ പരിസരവാസികളുടെ സ്വൈര്യ, ആരോഗ്യ ജീവിതത്തിനും പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാക്കുന്നതായി നിരവധി പരാതികൾ ഉയർന്നിട്ടും രാഷ്ട്രീയ സമ്മർദങ്ങൾമൂലം അധികാരികൾക്ക് നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല.
പോലീസ് പലപ്രാവശ്യം തൊഴിലാളികളുടെ രജിസ്റ്റർ തയാറാക്കാൻ നടപടി സ്വീകരിച്ചെങ്കിലും തൊഴിലാളികൾ വന്നുപോകുന്നതിനാൽ ഫലപ്രാപ്തിയിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല.
ചുരുങ്ങിയ സാഹചര്യത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികൾ വസിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ക്യാന്പ് സന്ദർശിച്ച കോട്ടയം ജില്ലാ കളക്ടർ സുധീർ ബാബു പ്രതികരിച്ചിരുന്നു.