തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്താകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ വാഹന പരിശോധന കർശമാക്കി. ആളുകൾ കൂട്ടം കൂടുന്നത് പൂർണമായും തടയുമെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
സത്യവാങ്മൂലമില്ലാതെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പല ജില്ലാ പോലീസ് മേധാവിമാരും തിങ്കളാഴ്ച നിയന്ത്രണങ്ങളിൽ അയവ് വരുത്തിയെന്ന വിലയിരുത്തലിനേത്തുടർന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.
ട്രഷറികളിലും ബാങ്കുകളിലും സാമൂഹിക അകലം പാലിച്ചേ നിൽക്കാൻ അനുവദിക്കുകയുള്ളൂവെന്നും ഉന്നത പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും ഇതിനെതിരെ പോലീസിന് നടപടി സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.