രാജ്യമെമ്പാടും കോവിഡ് ബാധിക്കുമ്പോള്‍ തെലങ്കാന സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകള്‍ ശ്രദ്ധേയമാകുകയാണ്.
ഇതുവരെ 77 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. മറ്റു പ്രധാന സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണിത്.
എന്നിരുന്നാലും ലോക്ക് ഡൗണ്‍ കര്‍ശമായി നടപ്പാക്കുന്നതിനായി ഷൂട്ട് അറ്റ് സൈറ്റ് പ്രഖ്യാപിക്കാനും മടിയില്ലെന്നാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പറഞ്ഞത്. ഇതോടൊപ്പം കൂടുതല്‍ കര്‍ശന നടപടികളിലേക്കാണ് ഇപ്പോള്‍ സംസ്ഥാനം നീങ്ങുന്നത്.
കോവിഡിനെ ചെറുക്കേണ്ടതിനോടൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതികൂടി സുസ്ഥിരമായി നിലനിര്‍ത്തേണ്ടുന്നതിന്റെ ആവശ്യം നന്നായി അറിയുന്ന ആളാണ് കെ. ചന്ദ്രശേഖര റാവു.
അനാവശ്യമായി ഒരു പൈസപോലും ഇക്കാലത്ത് ചെലവാകരുത് എന്ന് അദ്ദേഹം നിര്‍ബന്ധം പിടിക്കുന്നതും അതുകൊണ്ടാണ്. അതിനായി രണ്ടും കല്‍പ്പിച്ചുള്ള ഒരു തീരുമാനമാണ് അദ്ദേഹം ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ളത്.
ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും ശമ്പളം വെട്ടിച്ചുരുക്കുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനം.
ലോക്ക്ഡൗണ്‍ കാരണം നികുതി ഉള്‍പ്പടെയുള്ള വരുമാനമാര്‍ഗ്ഗങ്ങള്‍ അടഞ്ഞതും മതിയായ കേന്ദ്ര സഹായം ലഭിക്കാത്തതും സംസ്ഥാനത്തിന്റെ സമ്പദ്സ്ഥിതിയെ അപകടത്തിലാക്കുന്ന സാഹചര്യം വിലയിരുത്താന്‍, പ്രഗതി നഗറിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
ഇതനുസരിച്ച് മുഖ്യമന്ത്രി ഉള്‍പ്പടെ എല്ലാ മന്ത്രിമാരുടെയും, എം എല്‍ എ, എം എല്‍ സി, വിവിധ ബോര്‍ഡുകളുടെ ചെയര്മാന്മാര്, തദ്ദേശഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ ശമ്പളം 75% വരെ വെട്ടിക്കുറയ്ക്കും.
ഐ എ സ്, ഐ പി എസ്, ഐ എഫ് എസ് തുടങ്ങിയ ഇന്ത്യന്‍ ഭരണ സര്‍വ്വീസിലുള്ളവരുടെ ശമ്പളം 60 ശതമാനവും അദ്ധ്യാപകര്‍ ഉള്‍പ്പടെയുള്ള മറ്റ് ഗസറ്റഡ് നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശമ്പളം 50 ശതമാനവും വെട്ടിക്കുറയ്ക്കും.
എന്നാല്‍ ഇക്കാര്യത്തിലും അദ്ദേഹം സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരോട് തനിക്കുള്ള പ്രതിബദ്ധത തെളിയിക്കുന്നുണ്ട്.
ക്ലാസ് ഫോര്‍ ജീവനക്കര്‍, പ്യൂണ്‍, തൂപ്പുകാര്‍, കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് 10% മാത്രമേ ശമ്പളക്കുറവുണ്ടായിരിക്കു എന്നും അദ്ദേഹം പറഞ്ഞു.
ഈ നടപടികള്‍ സംസ്ഥാന സര്‍വ്വീസില്‍ നിന്നു പിരിഞ്ഞ പെന്ഷന് കാര്‍ക്കും ബാധകമാക്കിയിട്ടുണ്ട്. ക്ലാസ് ഫോര്‍ ജീവനക്കാര്‍ ഒഴിച്ചുള്ള എല്ലാവരുടെയും പെന്ഷന് 50% വെട്ടിക്കുറയ്ക്കുമ്പോള്‍ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് 10% കുറവ് മാത്രമേ ഉണ്ടാവുകയുള്ളു.
പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും, സംസ്ഥാനത്തിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും ഇതേ നിരക്കിലുള്ള ശമ്പളക്കുറവ് ബാധകമാണ്.
നിലവിലെ സാഹചര്യത്തില്‍ സമാനമായ തീരുമാനത്തിലേക്ക് നീങ്ങാന്‍ പല സംസ്ഥാനങ്ങളും ആലോചിക്കുന്നതായാണ് വിവരം.