സ്വന്തം ലേഖകന്‍
തൃശൂര്‍: ഇന്ത്യന്‍ റെയില്‍വേ അയ്യായിരം കോച്ചുകള്‍ ക്വാറന്റൈന്-ഐസൊലേഷന്‍ വാർഡുകളായി രൂപമാറ്റം നടത്തും. ഇരുപതിനായിരം കോച്ചുകള്‍ ഇത്തരത്തില്‍ രൂപമാറ്റം വരുത്തി കോവിഡ് പ്രതിരോധത്തിനും രോഗബാധിതര്‍ക്ക് ചികിത്സാര്‍ഥം കഴിയാനും ഇന്ത്യന്‍ റെയില്‍വേ സജ്ജമാക്കുന്നുണ്ട്.
പതിനഞ്ചുവര്‍ഷം പഴക്കമുള്ള കോച്ചുകളാണ് ഇത്തരത്തില്‍ ക്വാറന്റൈന്, ഐസൊലേഷന്‍ കോച്ചുകളാക്കുന്നത്. ഇതു സംബന്ധിച്ച് എല്ലാ സോണുകളിലേക്കും ഇന്ത്യന്‍ റെയില്‍വേ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
കോച്ചുകളിലെ ഒരു ഇന്ത്യന്‍ സ്റ്റൈല്‍ ടോയ്ലറ്റ് കുളിമുറിയാക്കി മാറ്റും. ഹാന്‍ ഡ് ഷവറും ബക്കറ്റും കപ്പും കുളിമുറിയിലുണ്ടാകും. കോച്ചുകളിലെ നടുവിലെ ബര്‍ത്തുകള്‍ അഴിച്ചുമാറ്റും.
മെഡിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കാനായി 220 വോള്‍ട്ടിന്റെ ഇലക്ട്രിക്കല്‍ പോയിന്റുകള്‍ സജ്ജമാക്കും. ഓക്സിജന്‍ സിലിണ്ടറുകളും ഉണ്ടാകും.
ഒരു കോച്ചില്‍ 10 ഐസൊലേഷന്‍ വാര്‍ഡുകളുണ്ടാകും. കൊതുകുവല, ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും മെഡിക്കല്‍ വേസ്റ്റും നിക്ഷേപിക്കാന്‍ പ്രത്യേകം പ്രത്യേകം ബിന്നുകൾ എന്നിവയുണ്ടാകും.
ഒരു ആശുപത്രിയില്‍ എങ്ങിനെയാണ് ക്വാറന്റൈന്, ഐസൊലേഷന്‍ വാര്‍ഡ സജ്ജമാക്കുന്നത് അതേ രീതിയിലായിരിക്കും ട്രെയിനിന്റെ കോച്ചുകളില്‍ ഇത് സജ്ജീകരിക്കുക.
മെഡിക്കല്‍ ടീമിന്റെ പൂര്ണമേല്നോട്ടത്തിലായിരിക്കും കോച്ചുകളുടെ രൂപമാറ്റം. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഏത് അടിയന്തിര സാഹചര്യത്തേയും നേരിടാനാണ് റെയില്‍വേ ഇത്തരം കോച്ചുകള്‍ ഒരുക്കുന്നത്.
രാജ്യത്തെ പതിനാറു സോണുകളിലേക്കും ഇതു സംബന്ധിച്ച നിര്‍ദ്ദേശമെത്തി.