കോട്ടയം: കൊറോണയിൽ വീട്ടിലായ ജനത്തിന്റെ വിശപ്പകറ്റാൻ സൗജന്യമായി റേഷൻ വിതരണം മറ്റന്നാൾ മുതൽ തുടങ്ങിയേക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് ഉത്തരവ്.
തൊഴിലും വരുമാനവും നിലച്ച ആയിരക്കണക്കിന് ജനങ്ങൾ സൗജന്യ അരി പ്രതീക്ഷിച്ചിരിക്കുന്പോൾ വിതരണം സംബന്ധിച്ച നടപടിക്രമം എങ്ങനെയെന്നതിൽ റേഷൻ കടക്കാർക്കും ആശയക്കുഴപ്പം.
ഒരാൾക്ക് കേന്ദ്രവിഹിതം എത്ര, സംസ്ഥാന വിഹിതം എത്ര എന്നത് വ്യക്തമല്ല. കൊറോണ നിരീക്ഷണത്തിലുള്ളവർക്ക് ആയിരം രൂപയുടെ സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.
എല്ലാ വിഭാഗക്കാർക്കും പലവ്യഞ്ജന കിറ്റ് ലഭിക്കുമെന്നും കേൾവിയുണ്ടായി. കിറ്റ് റേഷൻ കടകളിലൂടെയാണോ മാവേലി സ്റ്റോറുകളിലൂടെയാണോ നൽകുകയെന്നതും വ്യക്തമല്ല.
ഇത്രയും അളവിൽ ധാന്യം റേഷൻകടകളിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ എങ്ങനെ വിതരണം ചെയ്യുന്നമെന്നതിലും ആശയക്കുഴപ്പമുണ്ട്.
500 മുതൽ 1200 വരെ കാർഡുകളുള്ള റേഷൻ കടയിലേക്ക് ഒരേസമയം ജനം സൗജന്യ അരിക്കായി ഓടിയെത്തിയാൽ എങ്ങനെ ജനത്തെ നിയന്ത്രിക്കുമെന്ന് വ്യക്തമല്ല. വഴിയോരങ്ങളിൽ ജനങ്ങൾ ക്യൂനിൽക്കുന്ന സാഹചര്യത്തിൽ അകലം പാലിക്കുക എന്നത് ഏറെ ദുഷ്കരമാകും.
റേഷൻ കാർഡ്, യന്ത്രം, അരിസഞ്ചി, കറൻസി എന്നിവയിൽ വിതരണക്കാർ സ്പർശിക്കുന്നതിലെ സുരക്ഷയെക്കുറിച്ചും വ്യക്തതയില്ല. ഒരു വിതരണ കേന്ദ്രത്തിൽ ദിവസം പരമാവധി നൂറു പേർക്കു മാത്രമേ റേഷൻ വിതരണം ചെയ്യാനാകൂ.
ആയിരം കാർഡുള്ള ഒരു കടയിൽ വിതരണം ചെയ്യാൻ ആഴ്ചകൾ വേണ്ടിവരും. വീടുകളിൽ കൊറോണ നിരീക്ഷണത്തിലുള്ളവർക്ക് എങ്ങനെ റേഷൻ എത്തിക്കും എന്നതും വ്യക്തമല്ല.
അന്ത്യോദയ വിഭാഗത്തിന് (മഞ്ഞ കാർഡ്) 35 കിലോയും ബിപിഎൽ കാർഡിൽ (പിങ്ക്) ഒരംഗത്തിന് അഞ്ച് കിലോ വീതവും വെള്ള, നീല കാർഡുകൾക്ക് ആകെ 15 കിലോ വീതവും അരി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം.
കേന്ദ്രവും സംസ്ഥാനവും പ്രഖ്യാപിക്കുന്ന അളവിൽ നൽകാനുള്ള അരി റേഷൻ കടകളിലും സപ്ലൈകോ ഗോഡൗണുകളിലും നിലവിൽ കരുതലില്ല.
എഫ്സിഐ ഗോഡൗണുകളിൽനിന്ന് എത്തിച്ചാൽതന്നെ ഒരു സപ്ലൈകോ ഗോഡൗണിൽനിന്നു പരമാവധി അഞ്ചു ലോഡ് അരി മാത്രമേ ഒരു റേഷൻ കടയിൽ എത്തിക്കാൻ നിലവിൽ സംവിധാനമുള്ളു.
കോട്ടയം ജില്ലയിൽ ആകെ 350 റേഷൻ വിതരണ കേന്ദ്രങ്ങളുണ്ടായിരിക്കെ ഇത്രയും അരി ചുരുങ്ങിയ സമയത്തിനുള്ളിൽ റേഷൻ കടകളിൽ എത്തിക്കാൻ സംവിധാനമില്ല.
സപ്ലൈകോ ഗോഡൗണുകളിൽ കൂടുതൽ തൊഴിലാളികളെ നിയമിച്ചു കൂടുതൽ ലോറികളിൽ അരി എത്തിക്കാൻ നടപടിയുണ്ടാകണമെന്ന് ഓൾ ഇന്ത്യ റേഷൻ ഡീലേഴ്സ് കോണ്ഗ്രസ് ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ ആവശ്യപ്പെട്ടു.
സൗജന്യം എന്ന പേരിൽ മേന്മയില്ലാത്ത അരി വിതരണം ചെയ്യാനാണ് നീക്കമെങ്കിൽ സർക്കാർ അടിയന്തരമായി ഇടപെടണം. റേഷൻ കടകളിലൂടെ ആട്ട, എണ്ണ എന്നിവയും അവശ്യസാധനമായി നൽകേണ്ടതുണ്ട്.
റേഷൻ വിതരണം നടത്തുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിലും അടിയന്തര നടപടി ആവശ്യമാണ്. മാവേലി സപ്ലൈ കടകളെ ഈ ദിവസങ്ങളിൽ ആശ്രയിക്കുന്ന ഏറെപ്പേരുണ്ട്. ഇവിടെ പലവ്യഞ്ജനങ്ങൾക്കും പച്ചക്കറികൾക്കും കടുത്ത ക്ഷാമം അനുഭവപ്പെടുന്നു.