കോഴിക്കോട്: അത്യാവശ്യ കാര്യങ്ങൾക്കായി വാഹനങ്ങളിൽ പുറത്തിറങ്ങുന്നവർക്ക് അനുവദിക്കുന്ന ഓൺലൈൻ പാസിന്റെ നിബന്ധനകൾ കർശനമാക്കിയതായി സിറ്റി പോലീസ് കമീഷണർ എ.വി ജോർജ്.
തലവേദനയ്ക്കുള്ള ഗുളിക, ഒരു പായ്ക്കറ്റ് പാൽ, രണ്ട് കിലോ അരി, പൂച്ചയ്ക്കും, പട്ടിയ്ക്കും മരുന്ന് തുടങ്ങി നിസാരകാര്യങ്ങൾക്കാണ് പലരും ഓൺലൈനിൽ അപേക്ഷിക്കുന്നത്.
മരുന്ന് വാങ്ങാൻ പോകമ്പോൾ ആ ആഴ്ച വീട്ടിലേക്കുള്ള സകല സാധനങ്ങളും വാങ്ങാൻ ശ്രദ്ധിക്കണം. പോലീസ് പരിശോധിക്കുമ്പോൾ സാധനം വാങ്ങിയതായി നേരിൽ ഉറപ്പാക്കണം. ഓരോ ആവശ്യത്തിനും പാസ് നൽകുക ബുദ്ധിമുട്ടാണ്.
അതിനാൽ നിബന്ധനകൾ കൂടുതൽ കർശനമാക്കുകയാണ്. അപേക്ഷകരുടെ യാത്ര അനിവാര്യമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമെ പാസ് അനുവദിക്കൂ. പാസ് ആരെങ്കിലും ദുരുപയോഗം ചെയ്താൽ വാഹനം പിടിച്ചെടുക്കും.
ലൈസൻസ് റദ്ദാക്കുകയും ചെയ്യും. കൊറോണവ്യാപനം തടയുന്നതിന് ഏവരും സഹകരിക്കണമെന്നും നിസാര കാര്യങ്ങൾക്ക് ഓൺലൈൻ പാസിന് അപേക്ഷിക്കുന്നതിൽനിന്ന് പിന്മാറണമെന്നും കമീഷണർ അഭ്യർത്ഥിച്ചു.
അതേസമയം പോലീസ് പരിശോധന കര്‍ശനമാക്കിയതോടെ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും പലയിടത്തും യുവാക്കള്‍ നിരത്തിലിറങ്ങുന്നത് പതിവാണ്. ഉച്ച സമയങ്ങളിലും അതി രാവിലെയും ഇവര്‍ പുറത്തിറങ്ങുന്നുണ്ട്. പോലീസിനെ ദൂരെ നിന്നും കണ്ടാല്‍ തിരിച്ചു പോവുക എന്നതാണ് സ്ഥിതി.
പലരും സുഹൃത്തുക്കളോട് പോലീസ് എവിടെയാണ് നില്‍ക്കുന്നതെന്ന് ഫോണില്‍ ചോദിച്ച് മനസിലാക്കിയ ശേഷമാണ് പുറതിതുറങ്ങുന്നത്.