മണ്ണാർക്കാട്: ലോക് ഡൗണായതോടെ ഇതരസംസ്ഥാനങ്ങളിൽ നിന്നും കോഴിത്തീറ്റ ഇറക്കുമതി നിലച്ചതിനാൽ കോഴി തീറ്റ ലഭിക്കാതെ പ്രതിസന്ധിലായി ഫാമുടമകൾ.തീറ്റ ലഭിക്കാതായതോടെ കോഴികൾ വ്യാപകമായി ചത്ത് ഒടുങ്ങുന്ന കാഴ്ച കാണുന്നത്.
ഇതിനുപുറമേ കോഴികൾ പരസ്പരം കോഴിയുടെ പുറകുവശത്തെ തുവലില്ലാത്ത ശരീര ഭാഗം കൊത്തി തിന്നുകയും രക്തം വാർന്നൊലിച്ച് ചാവുകയുമാണെന്ന് ഫാമുടമകൾ പറയുന്നു. ഇതിനു പുറമേ കോഴികൾ പരസ്പരം കൊത്തി ചാകുന്നുമുണ്ട്
മണ്ണാർക്കാട്, പുഞ്ചക്കോട്, ചേറുംകളം, തത്തേങ്കലം, മെഴുകുപാറ, മേലാമുറി എന്നിവിടങ്ങളിലെ കോഴി ഫാമുകളിലായി ആറുലക്ഷത്തോളം കോഴികളാണുള്ളത്. പത്ത് മുതൽ ഇരുപത് ദിവസം വരെ പ്രായമുള്ളവയാണ് ഇതിൽഏറേയും.
ഒരു കോഴി ശരാശരി 40 ദിവസം പ്രായം ആയാൽ മാത്രമേ ഇറച്ചിക്കായി ഉപയോഗിക്കു. കോഴി തീറ്റ വരാത്തത് പ്രധാനമായും തമിഴ്നാട്, ആന്ധ്ര, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. ഒരു കോഴിക്ക് 160 രൂപ വളർത്തു ചെലവ് വരുന്നുണ്ട്.എന്നാലിപ്പോൾ കൊറോണയുടെ പ്രശ്ചാത്തലത്തിൽ കോഴികൾ വിതരണം ചെയ്യാൻ കഴിയാതെ കെട്ടിക്കിടക്കുകയാണ്.
അതുകൊണ്ട് 20 രൂപക്കാണ് ഫാമുകളിൽനിന്ന് വിൽപ്പന നടത്തുന്നതെന്ന് മുപ്പതിനായിരം കോഴികളെ വളർത്തുന്ന തെങ്കര സ്വദേശിയായ പി.പ്രസാദ് പറഞ്ഞു. കോഴിത്തീറ്റയും കാലിത്തീറ്റയും ചെലവ് കുറഞ്ഞ രീതിയിൽ ഉല്പാദിപ്പിച്ചാൽ കോഴിഫാമുകളുടെ നിലനിൽപ്പും ഇറച്ചി കോഴിയുടെ വിലക്കയറ്റവും പിടിച്ചുനിർത്താൻ കഴിയും.
ഉല്പാദനചെലവിനെ കുറിച്ച് ആലോചിക്കാതെയാണ് സർക്കാർ ഒരു കിലോ കോഴി 87 രൂപക്ക് വിൽക്കാൻ പറയുന്നതെന്നും കർഷകർ ആരോപിച്ചു. മണ്ണാർക്കാട് താലൂക്കിലെ മലയോര മേഖലകളിൽ നിരവധി കോഴിഫാമുകൾ ആണുള്ളത്. ഈ ഭാഗങ്ങളിലെല്ലാം തന്നെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്
സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്തും പണം കടം വാങ്ങിയുമാണ് പലരും കോഴി കൃഷി ഇറക്കിയിരിക്കുന്നത്. കോഴി ഫാമുകളിൽ 20 രൂപയ്ക്ക് ലഭിക്കുമെങ്കിലും ചെറുകിട കന്പോളത്തിൽ 65 മുതൽ 70 രൂപയാണ് ഇറച്ചിക്കോഴിയുടെ വില.
പ്രളയവും കാലാവസ്ഥ വ്യതിയാനവും കാരണം വ്യാപകമായ തോതിൽ ആണ് കോഴി കച്ചവടക്കാർക്ക് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഉല്‍പ്പാദനം വലിയ തോതിൽ കുറഞ്ഞു എന്നാണ് പറയുന്നത് . കോഴിക്കുഞ്ഞുങ്ങളുടെ ഉല്പാദനത്തിലും കാര്യമായ കുറവ് അനുഭവിച്ചിട്ടുണ്ട്.
തച്ചന്പാറ തെകര എന്നിവിടങ്ങളിലുള്ള ഹാച്ചറിയിൽ നിന്നും വളരെ കുറഞ്ഞ തോതിൽ മാത്രമേ കോഴികുഞ്ഞുങ്ങൾ ഉല്‍പ്പാദിപ്പിക്കുന്നുള്ളു. ഉപഭോക്താക്കൾ കുറവായതു തന്നെയാണ് ഇതിനു കാരണം. പക്ഷിപ്പനിയുടെ ഭീതിയകന്നെങ്കിലും ഇപ്പോഴും ഭീതിയോടെയാണ് ആളുകൾ ഇറച്ചി കോഴി വാങ്ങുന്നത.്