ചിറ്റൂർ: താലൂക്കിൽ ടയർ പഞ്ചർ ഒട്ടിയ്ക്കുന്ന സ്ഥാപനങ്ങൾ അവശ്യ സർവ്വീസിൽ ഉൾപ്പെടുത്തി തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നതാണ് വാഹനം ഓടിക്കുന്നവരുടെ അടിയന്തര ആവശ്യം.
താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ടയർ പഞ്ചർ മറ്റും അനുബന്ധ തകരാറുകളുമായി ചരക്കുകടത്തുകാരും യാത്രാ വാഹനങ്ങളും വഴിയിലകപ്പെട്ട് കിടപ്പുണ്ട്.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്ന വാഹനങ്ങളുടെ ടയറുകൾ പഞ്ചറായാലും ശരിപ്പെടുത്താൻ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്.
നിത്യോപയോഗ സാധനങ്ങൾ മറ്റും മെഡിക്കൽ ഷാപ്പുകളിലേക്ക് വരുന്ന ഇരുചക്രവാഹനങ്ങളിൽ കാറ്റു നിറയ്ക്കാൻ കഴിയാതെ വിഷമത്തിലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നും പച്ചക്കറി കയറ്റി താലൂക്കിലേക്ക് വന്ന ടെന്പോയിൽ ഒരു ചക്രം പഞ്ചറായി തെരുവിൽ അകപ്പെട്ടു. ഡ്രൈവർ തനിച്ചാണ് വണ്ടിയിലുണ്ടായിരുന്നത്. വീൽ മാറ്റുന്നതിന് സഹായത്തിന് സുഹൃത്തുക്കളെ വിളിച്ചെങ്കിലും ആരും എത്തിയില്ല.
അതു വഴി വന്ന പോലീസിന്റ സഹായത്തിൽ പകരം ചക്രം മാറ്റി ഘടിപ്പിച്ചെങ്കിലും സ്റ്റെപ്നി ദുർബലമെന്നതിനാൽ അധിക ദൂരം സഞ്ചരിക്കാൻ കഴിയില്ലെന്ന് ഡ്രൈവർ സഹായത്തിനെത്തിയ പോലീസിനു അറിയിച്ചു.
പിന്നീട് നാലു കിലോമീറ്റർ അകലെ പഞ്ചർ കടക്ക് മുന്നിലെത്തിയെങ്കിലും അടഞ്ഞു കിടന്നതിനാൽ പഞ്ചറായ ടയർ ഒട്ടു വാൻ കഴിഞ്ഞില്ല .അടിയന്തര ചികിത്സക്ക് വാഹനങ്ങളിൽ സഞ്ചരിക്കുന്നതും ആശങ്കയിലാണ്.