കൊച്ചി: ലോക്ക് ഡൗണിനോടനുബന്ധിച്ചു നഗരം നിശ്ചലമായെങ്കിലും തെരുവില്‍ അലയുന്ന ജന്തുജാലങ്ങള്‍ ഇനി വിശന്നിരിക്കേണ്ട. ജില്ലാ ഭരണകൂടം, മൃഗസംരക്ഷണവകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വണ്‍നെസ്, ധ്യാന്‍ ഫൗണ്ടേഷന് എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് ജീവജാലങ്ങള്‍ക്ക് ഭക്ഷണമൊരുക്കുന്നത്.
നായ്ക്കള്‍ക്കു പുറമേ തെരുവില്‍ അലയുന്ന പൂച്ചകൾക്കും ഇവരുടെ നേതൃത്വത്തില്‍ ഭക്ഷണം നല്‍കുന്നുണ്ട്. വണ്‍നസ് സംഘടനയിലെ 22 വോളന്റിയര്‍മാര്‍ കൊച്ചി നഗരത്തിനകത്തും പുറത്തുമായി 12 വാഹനങ്ങളിലാണ് തെരുവു മൃഗങ്ങള്‍ക്കായി ഭക്ഷണം എത്തിക്കുന്നത്.
ഓരോ പ്രദേശത്തും മൃഗങ്ങള്‍ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയാണ് ഭക്ഷണ വിതരണം. വോളന്റിയര്‍മാര്‍ അവരുടെ വീടിനു സമീപത്തും ഇത്തരത്തില്‍ തെരുവുമൃഗങ്ങള്‍ക്കു ഭക്ഷണമെത്തിക്കും.
രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് അഞ്ച് മുതല്‍ എട്ടു വരെയുമാണ് ഇവര്‍ക്ക് ഭക്ഷണ വിതരണത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ദിവസേന 15 കിലോഗ്രാം അരിയുടെ ഭക്ഷണമാണ് മൃഗങ്ങള്‍ക്കായി ഇവര്‍ തയാറാക്കുന്നത്. ചോറിനു പുറമെ ബിസ്കറ്റുകളും മൃഗങ്ങള്‍ക്കുള്ള ആഹാരവും ഉണ്ടാകും.
ധ്യാന്‍ ഫൗണ്ടേഷൻ ഭക്ഷണം എത്തിച്ചു നല്കുന്നതു കൂടാതെ രോഗം ബാധിച്ച മൃഗങ്ങള്‍ക്കായി ഷെല്‍ട്ടറുകളും നടത്തുന്നു. പ്രതിരോധ കുത്തിവയ്പുകള്‍ ഉള്‍പ്പെടെയുള്ളവ എടുത്തശേഷം ദത്ത് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ധ്യാന്‍ ഫൗണ്ടേഷന് നല്‍കുന്നുണ്ട്.
ഇന്നലെ എറണാകുളം ബോട്ട് ജെട്ടിക്കു സമീപം തെരുവില്‍ അലഞ്ഞു നടന്ന മൃഗങ്ങള്‍ക്കായി ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തു. തെരുവു മൃഗങ്ങൾക്കു ഭക്ഷണമെത്തിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഹെല്പ് ലൈന്‍ നമ്പർ ആരംഭിച്ചിട്ടുണ്ട്.
9995511742 എന്ന നമ്പറില്‍ മൃഗങ്ങളുടെ വിവരങ്ങളും ഭക്ഷണമെത്തിക്കുന്നതില്‍ ഉണ്ടാവുന്ന തടസങ്ങളും വിളിച്ചറിയിക്കാം.