ഡല്‍ഹി പോലീസിന്റെയും സുരക്ഷാ ഏജന്‍സികളുടെയും ആവശ്യം മര്‍ക്കസ് നേതൃത്വം നിഷേധിച്ചു ! ഒടുവില്‍ ഇവരെ അനുനയിപ്പിച്ചത് കളത്തിലിറങ്ങിയ അജിത് ഡോവലിന്റെ ഇടപെടല്‍…

നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 178 ആളുകള്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത് രാജ്യത്ത് വലിയ ആശങ്കയാണുയര്‍ത്തിയിരിക്കുന്നത്. കൂടാതെ 671 പേര്‍ക്ക് രോഗലക്ഷണങ്ങളുമുണ്ട്.

സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനു പിന്നാലെ ബംഗ്ലാവാലി മസ്ജിദില്‍ ഉള്ളവര്‍ ഒഴിയണമെന്ന് ഡല്‍ഹി പോലീസിന്റൈയും സുരക്ഷാ ഏജന്‍സികളുടെയും ആവശ്യം നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാന സാദ് നിരസിച്ചപ്പോള്‍ അനുനയിപ്പിക്കാന്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവല്‍ പുലര്‍ച്ചെ രണ്ടു മണിക്കു നേരിട്ടെത്തിയെന്ന് റിപ്പോര്‍ട്ട്.

മാര്‍ച്ച് 29 പുലര്‍ച്ചെ രണ്ടു മണിക്ക് അജിത് ഡോവല്‍ നേരിട്ടു മര്‍ക്കസിലെത്തി മൗലാന സാദുമായി ചര്‍ച്ച നടത്തി അവിടെയുണ്ടായിരുന്നവരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കാനും ക്വാറന്റീന്‍ ചെയ്യാനും സമ്മതിപ്പിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് ഡോവല്‍ നേരിട്ടു കളത്തിലിറങ്ങിയത്.

തെലങ്കാനയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച 10 ഇന്തൊനീഷ്യക്കാര്‍ മര്‍ക്കസിലെത്തിയിരുന്നതായി മാര്‍ച്ച് 18നു തന്നെ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയതോടെ അമിത് ഷായും ഡോവലും സംഭവത്തിന്റെ ഗൗരവസ്വഭാവം തിരിച്ചറിഞ്ഞിരുന്നു.

തൊട്ടടുത്ത ദിവസം തന്നെ ഏജന്‍സികള്‍ എല്ലാ സംസ്ഥാന പൊലീസ് മേധാവിമാര്‍ക്കും ഇതുസംബന്ധിച്ച് അറിയിപ്പു നല്‍കുകയും ചെയ്തു.

മാര്‍ച്ച് 27, 28, 29 തീയതികളില്‍ 167 തബ്ലീഗ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഡോവല്‍ ഇടപെട്ടതോടെ ബാക്കിയുള്ളവരെ പരിശോധിക്കുകയും മസ്ജിദ് അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തുവെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു.

നിസാമുദ്ദീനില്‍ നടന്ന രണ്ടു സമ്മേളനങ്ങളിലായി മുന്നൂറോളം മലയാളികള്‍ പങ്കെടുത്തതായാണ് വിവരം.

Related posts

Leave a Comment