ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദീപ്തി സതി. നീനയിലൂടെ ശ്രദ്ധ നേടിയ നടി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ ഭാഗ്യനായികയായി മാറുകയായിരുന്നു.
ചെറിയ സമയം കൊണ്ട് തന്നെ മലയാളം, കന്നഡ, തെലുങ്ക് സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തുകയും ചെയ്തു. നടി എന്നതിലുപരി മോഡൽ കൂടിയാണ് ദീപ്തി. ഇവരുടെ ഫോട്ടോ ഷൂട്ട് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച വിഷയമായിരുന്നു.
നടിമാരുടെ ബിക്കിനി ചിത്രങ്ങൾ ഇപ്പോഴും വിമർശനങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. അത്തരത്തിൽ ബിക്കിനിയണിഞ്ഞ് അഭിനയിച്ചതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലെ സദാചാരക്കാരിൽനിന്ന് ഏറെ വിമർശനങ്ങൾ താരത്തിന് കേൾക്കേണ്ടി വന്നിരുന്നു.
എന്നാൽ ഇതൊന്നും തന്നെ ഒരിക്കൽ പോലും ബാധിച്ചിട്ടില്ല എന്നാണ് ദീപ്തി സതി പറയുന്നത്. ഒരു അഭിമുഖത്തിലാണ് തന്നെ പിന്തുടർന്ന വിവാദങ്ങളെ കുറിച്ച് താരം വെളിപ്പെടുത്തിയത്.
ലക്കിയിലാണ് ആദ്യമായി ദീപ്തി ബിക്കിനിയണിഞ്ഞ് അഭിനയിച്ചത്. പൂളിൽ കുളിക്കുന്ന രംഗത്തിൽ അതല്ലാതെ ചുരിദാർ ധരിക്കാൻ കഴിയില്ലല്ലോ. ആളുകൾ എങ്ങനെ സ്വീകരിക്കുമെന്നും രംഗങ്ങൾ എങ്ങനെയൊക്ക ദുരുപയോഗം ചെയ്യുമെന്നുമൊക്കെയുള്ള ആശങ്കകൾ മനസിലുണ്ടായിരുന്നു.
ചിത്രം റിലീസ് ആയപ്പോൾ പോസിറ്റീവായ മറുപടികളാണ് ലഭിച്ചത്. എന്നാലും ചിലർക്ക് പിടിച്ചില്ല. അതൊന്നും കാര്യമാക്കുന്നില്ല. ഞാൻ മിസ് ഇന്ത്യ മത്സരാർഥിയായിരുന്നു. അന്ന് ഇതിലും ഗ്ലാമറസായ വേഷമണിഞ്ഞാണ് മത്സരിച്ചത്.
കഥാപാത്രത്തിനായി എന്ത് ശാരീരികമാറ്റം വരുത്താനും ഏത് തരത്തിലുള്ള വസ്ത്രങ്ങളിടാനും മടിയില്ല. അവിടെ വ്യക്തിക്കല്ല കഥാപാത്രത്തിനാണ് മുൻഗണന.
അതു കൊണ്ട് തന്നെ നീന എന്ന ചിത്രത്തിൽ മുടി മുറിച്ചതിൽ എനിക്ക് ഒരു തരത്തിലുമുള്ള സങ്കടവുമില്ല. നീനയിൽ അങ്ങനെ ചെയ്തു എന്നുകരുതി എപ്പോഴും അത്തരം കഥാപാത്രങ്ങൾ ചെയ്യാനാകില്ലല്ലോ. അതുകൊണ്ട് അത്തരത്തിൽ വന്ന വേഷങ്ങളെല്ലാം നിരാകരിക്കുകയായിരുന്നു- ദീപ്തി പറഞ്ഞു. സിനിമയ്ക്കൊപ്പം തന്നെ വെബ് സീരിസിലും താരം അഭിനയിച്ചിരുന്നു. ഇത് കരിയറിൽ വഴിത്തിരിവാകുകയായിരുന്നു എന്നും താരം പറഞ്ഞു.
ഹിന്ദി വെബ് സീരീസായ ഓണ്ലി ഫോർ സിംഗിൾസിലാണ് വേഷമിട്ടത്. ആറു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ആർ.ജെ. രഞ്ജിത് എന്ന കഥാപാത്രത്തെയാണ് ഞാനവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് എനിക്ക് ലഭിച്ചത്. വെബ്സീരീസുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നാണ് ആഗ്രഹിക്കുന്നതായും നടി കൂട്ടിച്ചേർത്തു.