സ്വന്തം ലേഖകന്‍

തൃശൂര്‍: കളിവീടുറങ്ങിക്കിത്തന്നെ കിടക്കുന്നു… കളിവാക്കുകളുമില്ല… ഇങ്ങനെ ഒരു അവധിക്കാലം ഒരുപക്ഷേ ഇതാദ്യം. തൃശൂരില്‍ മധ്യവേനലവധിക്കാലത്ത് കുട്ടിക്കുറുമ്പുകള്‍ നിറയുന്ന ജവഹര്ബാലഭവന്റെ കളിമുറ്റം ഇന്ന് ഒരു കുഞ്ഞുകാല്‍പാദം പോലും പതിയാതെ വെറുതെ കിടക്കുന്നു.
സാധാരണയായി തിക്കും തിരക്കുമുള്ള ബാലഭവന്റെ കളിമുറ്റം ശൂന്യം. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകളെല്ലാം നേരത്തെയടച്ചെങ്കിലും കുട്ടികള്‍ക്ക് അവധിക്കാലത്തിന്റെ ഫീലും മൂഡും വന്നിട്ടില്ല.
കാരണം വീട്ടില്‍നിന്ന് കുട്ടികളെ പുറത്തേക്ക് വിടാന്‍ രക്ഷിതാക്കള്‍ സമ്മതിക്കുന്നില്ല. അതുകൊണ്ടുതന്നെ വീടിനകത്തുള്ള കളികള്‍ മാത്രമാണ് കുട്ടിപ്പടയ്ക്കിപ്പോള് ആശ്വാസം.
അവധിക്കാലത്ത് തൃശൂരില്‍ നടത്താറുള്ള പല അവധിക്കാല ക്യാമ്പുകളും കോവിഡ് മൂലം ഇത്തവണയില്ല. കരാട്ടേ, ടെന്നിസ്, ഡാന്‍സ് ക്ലാസുകള്‍, സ്കെയ്റ്റിംഗ് തുടങ്ങി വൈവിധ്യമാര്‍ന്ന നിരവധി ക്ലാസുകള്‍ വെക്കേഷന് സമയത്ത് നടത്താറുള്ളതെല്ലാം ഇക്കുറി വേണ്ടെന്നു വച്ചിരിക്കുകയാണ്.
ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ ക്ലാസുകള്‍ തുടങ്ങുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടുമില്ല. ഫ്ളാറ്റുകളില്‍ കുട്ടികളെ കൂട്ടമായി കളിക്കാന്‍ വിടുന്നതും നിര്‍ത്തിവച്ചിരിക്കുകയാണ്.
നാട്ടിന്‍പുറങ്ങളില്‍ കൊയ്ത്തൊഴിഞ്ഞ പാടങ്ങളും പറമ്പുകളും ഈഡന്‍ഗാര്‍ഡന്‍സ് സ്റ്റേഡിയമാകുന്ന പതിവ് അവധിക്കാല കാഴ്ച ഇത്തവണയില്ല. കാരംസ്, ചെസ്, പാമ്പും കോണി തുടങ്ങിയ ഇന്‍ഡോര്‍ കളികള്‍ക്ക് ഡിമാന്റ് കൂടിയിട്ടുണ്ട്.
കേരളത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വ്യാപകമായിട്ടില്ലെങ്കിലും കേരളത്തിന് പുറത്ത് വെക്കേഷന് കാലത്ത് ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസുകള്‍ ആരംഭിച്ചു കഴിഞ്ഞു. ആളും ആര്‍പ്പുവിളികളും ആരവങ്ങളുമില്ലാത്ത, കുട്ടിപ്പട്ടാളത്തിലെ കലപിലയില്ലാത്ത, മാവുകള്‍ കല്ലേറു കൊള്ളാത്ത അവധിക്കാലമാണ് കടന്നുപോകുന്നത്.