പയ്യന്നൂര്‍: സ്ഥലം: പയ്യന്നൂര്‍ താലൂക്ക് ആശുപത്രി… സമയം: ഇന്നലെ രാവിലെ പതിനൊന്ന്. ഡോക്ടറുടെ കുറുപ്പടിയില്‍ മദ്യം ലഭിക്കുമെന്നറിഞ്ഞ് എത്തിയതാണ് മധ്യവയസ്കൻ.
ഡോക്ടറെ തപ്പിപ്പിടിച്ച് വിറച്ച് വിറച്ച് ആശുപത്രിക്കെട്ടിടത്തിന്റെ മുകിള്‍ നിലയിലെത്തിയ ഇയാള്‍ വന്ന കാര്യം പറഞ്ഞു. ‘മദ്യപന്മാര്ക്ക് ഡോക്ടറുടെ കുറുപ്പടിയില്‍ മദ്യം കിട്ടുമെന്നറിഞ്ഞ് കുറുപ്പടി വാങ്ങാന്‍ വന്നതാണ്.
ഈയവസ്ഥ ഇനിയും സഹിക്കാന്‍ പറ്റില്ല’. ഒറ്റനോട്ടത്തില്‍തന്നെ ആളുടെ പരവേശം മനസിലാക്കിയ ഡോക്ടര്‍ ഇയാളെ പരിശോധിച്ചു. ഒടുവില്‍ ഡോക്ടര്‍ പറഞ്ഞു നിങ്ങളുടെ അവസ്ഥ മനസിലായെന്ന്.
ഇതോടെ സന്തോഷത്തിലായ മധ്യവയസ്കനോട് വിവരങ്ങള്‍ ഞങ്ങളുമറിഞ്ഞു, പക്ഷേ ഉത്തരവ് കിട്ടിയില്ലെന്നായി ഡോക്ടര്‍. പിന്നെ ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ഇതിന് മരുന്നുതരാമെന്നതാണെന്നുകൂടി ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തതോടെ മധ്യവയസ്കന് ദയനീയമായി ഡോക്ടറെ നോക്കി.
മരുന്ന് വേണ്ട ഡോക്ടര്‍ എനിക്ക് മദ്യം മതിയെന്നായിരുന്നു ഇയാളുടെ പ്രതികരണം. ഡോക്ടറുടെ കുറുപ്പടിയില്‍ മൂന്ന് ലിറ്റര്‍ വരെ മദ്യം ലഭിക്കുമെന്ന വാര്‍ത്ത കണ്ട് നിരവധിയാളുകളാണ് ഇന്നലെ താലൂക്ക് ആശുപത്രിയിലെത്തിയത്.