അമാൻ: ഉചിതമായ സമയവും അവസരവും വരുമ്പോൾ ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നടന് പൃഥ്വിരാജ്. ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുന്ന താരം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് നിലവിലെ അവസ്ഥയെക്കുറിച്ച് വിശദീകരിച്ചത്.
ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് ജോര്‍ദാനിലെത്തിയ പൃഥ്വിയും സംവിധായകന് ബ്ലെസിയും ഉള്‍പ്പടെ 58 അംഗ സംഘമാണ് കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങളെ തുടർന്ന് കുടുങ്ങിയത്.
ഏപ്രില്‍ രണ്ടാംവാരം വരെ വാദിറാമില്‍ താമസിക്കാനും ചിത്രീകരിക്കാനും പദ്ധതിയുണ്ടായിരുന്നതിനാല്‍ താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യം ഞങ്ങളുടെ പക്കലുണ്ടെന്നും എന്നാല്‍ അതിന് ശേഷം എന്ത് സംഭവിക്കുമെന്നത് ആശങ്കാജനകമാണെന്നും താരം കുറിച്ചു.
ടീമിലെ ഡോക്ടര്‍ ഓരോ 72 മണിക്കൂര്‍ കൂടുമ്പോഴും ഓരോ ക്രൂ അംഗത്തിനും വൈദ്യപരിശോധന നടത്തുന്നുണ്ടെന്നും കൂടാതെ സര്‍ക്കാര്‍ നിയോഗിച്ച ജോര്‍ദാനിലെ ഡോക്ടറും സംഘാങ്ങളെ പരിശോധിക്കുന്നുണ്ടെന്നും പൃഥ്വി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ സംഘത്തെക്കുറിച്ചായിരിക്കില്ല അധികാരികളുടെ ആശങ്കയെന്നും എന്നാല്‍ ബന്ധപ്പെട്ട എല്ലാവരെയും ഇവിടുത്തെ അവസ്ഥയെക്കുറിച്ച് അറിയിക്കേണ്ടത് ഞങ്ങളുടെ കടമയാണെന്നും പൃഥ്വി വ്യക്തമാക്കി.
നമ്മുടെ ജീവിതം ഉടനെ തന്നെ സാധാരണ നിലയിലാകാൻ ഒന്നിച്ച് പ്രാര്‍ഥിക്കാം എന്ന് കുറിച്ചാണ് താരം വാക്കുകള്‍ അവസാനിപ്പിക്കുന്നത്.