കോവിഡ് 19 പ്രത്യക്ഷമായും പരോക്ഷമായും ലോകരെയെല്ലാം ബാധിച്ചിരിക്കുകയാണ്.
താന്‍ നൊന്തുപെറ്റ കുഞ്ഞിനെ അവന്റെ മാതാപിതാക്കളെ ഏല്‍പ്പിക്കാനായി കാത്തിരിക്കുകയാണ് എറണാകുളത്തെ ഒരു അമ്മ. തന്റെ വയറ്റില്‍ പിറന്നെങ്കിലും അവന്റെ അവകാശികള്‍ അമേരിക്കയിലാണ്.
കടല്‍ കടന്നെത്തുന്ന അച്ഛനും അമ്മയും എത്തിയാലുടന്‍ പൊന്നോമനെ ഏറ്റുവാങ്ങും.
ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കുമൊപ്പം ഒന്നുമറിയാതെ കുഞ്ഞ് ഉറക്കമാണ്. അമ്മ പാലൂട്ടി ഓരോ ദിനങ്ങളും ഓര്‍ത്തിരിക്കുകയാണ്.
പത്തുവര്‍ഷത്തിലേറെ നീണ്ട ചികിത്സയ്ക്കും കാത്തിരിപ്പിനുമൊടുവിലാണ് പത്തനംതിട്ട സ്വദേശികളായ അമേരിക്കന്‍ ദമ്പതിമാര്‍ക്ക് ഒരു കുഞ്ഞു പിറക്കുന്നത്.
സ്വന്തം നിലയ്ക്ക് ഗര്‍ഭധാരണം സാധിക്കാതെ വന്നപ്പോള്‍ വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ഇവര്‍ തങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചെടുത്തത്.
ഗര്‍ഭപാത്രം നല്കാന് സ്വയം സന്നദ്ധയായി വന്നതാവട്ടെ ഒരു മലയാളി സ്ത്രീയും. അങ്ങനെ എറണാകുളം ചേരാനല്ലൂരുള്ള സൈമര്‍ ആശുപത്രിയില്‍ ഡോ. പരശുറാമിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.
ആറുമാസം മുമ്പാണ് ചികിത്സ കഴിഞ്ഞ് ദമ്പതിമാര്‍ അമേരിക്കയിലേക്ക് തിരിച്ചുപോയത്.
മാര്‍ച്ചില്‍ പ്രസവത്തോടടുത്ത് നാട്ടിലേക്ക് തിരിക്കാനിരിക്കേ കോവിഡ് വില്ലനായെത്തി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിശ്ചയിച്ച യാത്ര തടസ്സപ്പെട്ടു.
അങ്ങനെ കഴിഞ്ഞ 19ന് പെണ്‍കുഞ്ഞ് പിറന്നു. അമേരിക്കയിലുള്ള അച്ഛനമ്മമാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയും വാട്സാപ്പിലൂടെയും ദിവസവും കുഞ്ഞിനെ കാണാന്‍ ആശുപത്രി അധികൃതര്‍ സൗകര്യമൊരുക്കുന്നുണ്ട്.
അടുത്തദിവസം നിയമപരമായ രേഖകള്‍ സഹിതം കുഞ്ഞിനെ ദമ്പതിമാരുടെ ബന്ധുക്കള്‍ക്കു കൈമാറാനിരിക്കുകയാണ് ആശുപത്രി അധികൃതര്‍.
കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ സ്വീകരിച്ച് വളര്‍ത്തിയ ‘അമ്മ’ കഴിഞ്ഞദിവസം ആശുപത്രി വിട്ടു. എന്തായാലും നൊന്തുപെറ്റ കുഞ്ഞിനെ കുറേ ദിവസം കൂടി ഈ അമ്മയ്ക്കു താലോലിക്കാം.