തിരുവനന്തപുരം (കാട്ടാക്കട) : ഏപ്രിൽ ഫൂളാക്കാൻ വ്യാജപ്രചാരണം നടത്തിയ നാലുപേർ അറസ്റ്റിൽ. ഗൾഫിൽ നിന്നും നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിഞ്ഞയാൾക്ക് കൊറോണ സ്ഥിരീകരിച്ചതായി വ്യാജപ്രചാരണം നടത്തിയ കേസിൽ നാലുപേരെ മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു.
കേസിൽ ചിറ്റിയൂർക്കോട് സ്വദേശികളായ മധു(50), രാമചന്ദ്രൻനായർ(57), രാജേന്ദ്രൻനായർ(59), രാധാകൃഷ്ണൻ(56) എന്നിവരെയാണ് എസ്ഐ സൈജു അറസ്റ്റ് ചെയ്തത്.ഏപ്രിൽഫൂളാക്കാനായി നാട്ടുകാരായ ചിലരാണ് ഇത് ചെയ്തത്. ചിറ്റിയൂർക്കോട് സ്വദേശിയായ പ്രവാസി കഴിഞ്ഞ 12നാണ് നാട്ടിലെത്തിയത്.
ആരോഗ്യ പ്രവർത്തകർ നിർദേശിച്ചതനുസരിച്ച് അന്നു മുതൽ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്നലെ രാവിലെ ഇദേഹത്തിന്റെ ബന്ധുക്കളെ ഫോണിൽ വിളിച്ച് കോറോണ രോഗം സ്ഥിരീകരിച്ചതായി പ്രതികൾ അറിയിച്ചു. ബന്ധുക്കൾ ഇതറിഞ്ഞ് വീട്ടുകാരെ ബന്ധപ്പെട്ടെങ്കിലും സംഗതി കളവാണെന്നറിഞ്ഞു.