കൊച്ചി: കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 41 പേരോടു വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശിച്ചു.
കൊച്ചി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന 41കാരനായ ആരോഗ്യ പ്രവര്‍ത്തകനാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. വിമാനത്താവളത്തിൽ ഡ്യൂട്ടിക്കു നിയോഗിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യത്തിൽ ഗുരുതരവീഴ്ച സംഭവിച്ചതായി ആരോപണമുയർന്നിട്ടുണ്ട്.
അതേസമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 1,034 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെത്തുടര്‍ന്നു പട്ടികയില്‍നിന്ന് ഒഴിവാക്കി.
ഇന്നലെ ജില്ലയില്‍ പുതിയതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ കോവിഡ് സ്ഥിരീകരിച്ച് ജില്ലയില്‍ 17 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ നാല് പേര് ബ്രിട്ടീഷ് പൗരന്മാരും 10 പേര് എറണാകുളം സ്വദേശികളും രണ്ടുപേര്‍ കണ്ണൂര്‍, ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്.
പുതിയതായി 287 പേർ
ആശുപത്രികളിലും വീടുകളിലുമായി നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3878 ആയി. ഇന്നലെ പുതിയതായി 287 പേരെ വീടുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരെക്കൂടി ഐസൊലേഷന്‍ വാര്‍ഡിലും പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളില്‍ ഐസൊലേഷനിലുള്ളവരുടെ എണ്ണം 35 ആയി.
ഇതില്‍ 21 പേര് കളമശേരി മെഡിക്കല്‍ കോളജിലും അഞ്ച് പേര് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും രണ്ടുപേര്‍ ആലുവ ജില്ലാ ആശുപത്രിയിലും ആറ് പേര് സ്വകാര്യ ആശുപത്രിയിലും ഒരാള്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണുള്ളത്.
ഇന്നലെ ലഭിച്ച 37 സാമ്പിളുകളും നെഗറ്റീവാണ്. ഇനി 99 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടിയാണ് ലഭിക്കാനുള്ളത്.
39,832 പേര്‍ക്കു ഭക്ഷണം
കമ്യൂണിറ്റി കിച്ചണുകല് വഴി 39,832 പേര്‍ക്കാണ് ഇന്നലെ ഭക്ഷണം നല്‍കിയത്. ഇതില്‍ 13,809 പേരും അതിഥിത്തൊഴിലാളികളാണ്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കളക്ടറേറ്റില്‍ തുറന്നിട്ടുള്ള കണ്ട്രോള് റൂം മുഖേന 300ഓളം ആളുകളുടെ സംശയങ്ങള്‍ക്ക് അധികൃതര്‍ മറുപടി നല്കി.
ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 429 പേര്‍ക്കും കണ്ട്രോള് റൂം വഴിവ ബന്ധപ്പെട്ട 12 പേര്‍ക്കും കൗണ്‍സിലിംഗ് നല്കി.
പാലിയേറ്റീവ് യൂണിറ്റില്‍നിന്നു നിരീക്ഷണത്തില്‍ കഴിയുന്ന 92 വയോജനങ്ങളെ വിളിക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്തു.
നിരീക്ഷണത്തില്‍ കഴിയുന്ന 29 പേര് ഡോക്ടറുമായി വീഡിയോ കോള്‍ മുഖേന നേരിട്ട് സംസാരിക്കുകയും ചെയ്തു. 0484 2368802, 2428077, 0484 2424077 എന്നീ നമ്പറുകളില്‍ കണ്ട്രോള് റൂം സേവനം ലഭ്യമാണ്.