ഇരിങ്ങാലക്കുട: പണവും അവശ്യവസ്തുക്കളും കഴിഞ്ഞതിനെ തുടർന്ന് ദുരിതത്തിലായ അതിഥി തൊഴിലാളികളുടെ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് അധികൃതർ.
സിഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 43 തൊഴിലാളികളാണ് 28-ാം വാർഡിൽ കെഎസ്ആർടിസി സ്റ്റാൻഡിനടുത്ത് ഗോകുലം ലൈനിൽ വാടക വീട്ടിൽ കഴിയുന്നത്. ചേലൂർ സ്വദേശി കാട്ടുപറന്പിൽ സുരേഷാണ് 1000 രൂപ വീതം ഓരോരുത്തരിൽ നിന്നും ഈടാക്കി ഇവരെ പാർപ്പിച്ചിരിക്കുന്നത്.
വിഷയം പുറത്തറിഞ്ഞതോടെ കരാറുകാരനായ സുരേഷ് രാത്രി തന്നെ അവശ്യവസ്തുക്കൾ എത്തിച്ചു നല്‍കുകയായിരുന്നു. വിഷയം താൻ അറിഞ്ഞില്ലെന്നും അടുത്തുള്ള കടയിൽ ഇതിനുള്ള സൗകര്യം ഉറപ്പാക്കിയിരുന്നുവെന്നും വീട്ടിൽ എത്തിയ മുകുന്ദപുരം തഹസിൽദാർ ഐ.ജെ. മധുസൂദനൻ, നഗരസഭാ സെക്രട്ടറി കെ.എസ്. അരുണ്‍, സിഐ എം.ജെ. ജിജോ എന്നിവരോട് കരാറുകാരൻ പറഞ്ഞു.
ക്യാന്പിൽ കഴിയുന്ന മുഴുവൻ തൊഴിലാളികളുടെയും പേരുവിവരങ്ങളും ആധാർ കാർഡുകളുടെ കോപ്പികളും സ്റ്റേഷനിൽ എത്തിക്കണമെന്ന് കരാറുകാരനോട് പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.