പത്തനംതിട്ട: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ തടയുന്നതിനു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും രംഗത്ത്. എല്ലാ ജില്ലകളിലും മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകളെ നിരത്തുകളില്‍ വിന്യസിച്ചു. ഇവര്‍ എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.
വ്യക്തമായ കാരണമില്ലാതെ എത്തുന്ന എല്ലാ വാഹനങ്ങളുടെയും ഡ്രൈവർമാരുടെ ലൈസന്‍സ് കണ്ടുകെട്ടാനാണ് തീരുമാനം. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ ലൈസന്‍സ് തിരികെ നല്കുകയില്ല.
ലൈസന്‍സ് കൈവശമില്ലാത്ത കാലയളവില്‍ വീണ്ടും നിയമലംഘനത്തിന് പിടികൂടിയാല്‍ വാഹന രജിസ്ട്രേഷനും ലൈസന്‍സും റദ്ദാക്കും. ഇരുചക്രവാഹനങ്ങളില്‍ ഒരാളും മറ്റു വാഹനങ്ങളില്‍ രണ്ടുപേരെയുമാണ് യാത്രയ്ക്ക് അനുവദിക്കുന്നത്.
കാറുകളിലും മറ്റു യാത്രാ വാഹനങ്ങളിലും ഡ്രൈവര്‍ സീറ്റിനോടു ചേര്‍ന്ന് രണ്ടാമത്തെ യാത്രക്കാരന്റെ യാത്ര അനുവദിക്കില്ല. പിന്നിലെ സീറ്റില്‍ ഇരിക്കാനാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന നിര്‍ദേശം. സാമൂഹികമായ അകലം വാഹനങ്ങളിലും പാലിക്കണമെന്ന നിര്‍ദേശത്തേ തുടര്‍ന്നാണിത്.