ആലപ്പുഴ: മറ്റു ജില്ലകളിൽ നിന്ന് അത്യാവശ്യ മരുന്നുകൾ എത്തിക്കാൻ അഗ്നി രക്ഷാ സേനയുടെ സഹായം തേടാമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് നിരവധി ജീവൻ രക്ഷാ മരുന്നുകൾ ജില്ലകളിൽ നിന്നും ജില്ലകളിലേയ്ക്ക് വളരെ വേഗം എത്തിച്ച് അഗ്നിരക്ഷാ സേന ജനങ്ങൾക്കൊപ്പം.
തൃപ്പൂണിത്തുറ അന്പിളി നഗറിൽ നിബിൻ – ദീപ ദന്പതിമാരുടെ എക മകനായ 6 വയസുകാരൻ ആൽഫി നാലു വർഷമായി കഴിക്കുന്ന ബ്രയിൻ ട്യൂമറിനുള്ള മരുന്ന് ഒന്നിന് രാത്രിയിൽ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചു നൽകിയിരുന്നു. രണ്ടിന് തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേയ്ക്കും പാലക്കാട്ടേയ്ക്കും ജീവൻ രക്ഷാ മരുന്ന് എത്തിച്ചു നൽകി.
ആലപ്പുഴയിൽ നിന്നും എറണാകുളത്ത് നിന്നും കണിച്ചുകുളങ്ങര, ചെങ്ങന്നൂർ, കൊല്ലം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലേക്ക് മരുന്നുകൾ എത്തിച്ചു നൽകി.ആലുവയിൽ നിന്നും ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്കും മരുന്നുകൾ എത്തിച്ചു നൽകി.
വിവിധ അഗ്നിരക്ഷാ നിലയങ്ങളിലെ വാഹനങ്ങൾ മരുന്നുകൾ കൈമാറിയാണ് നിർദിഷ്ട സ്ഥലങ്ങളിലെ രോഗികൾക്ക് മരുന്നുകൾ എത്തിച്ചു നൽകുന്നത്.